| Wednesday, 11th September 2019, 7:21 pm

ഓണത്തിനും സമരപ്പന്തലില്‍ തന്നെ; അഞ്ച് മാസം പിന്നിടുമ്പോഴും പരിഹരിക്കപ്പെടാതെ തൊവരിമല സമരം

ഷഫീഖ് താമരശ്ശേരി

അഞ്ച് വര്‍ഷം മുമ്പത്തെ ഒരു ഓണക്കാലം. തലസ്ഥാന നഗരിയിലെ സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള കൂറ്റന്‍ ഘോഷയാത്ര സെക്രട്ടറിയേറ്റിന് മുന്നിലൂടെ കടന്നുപോകുന്നു. കേരളത്തിന്റെ സാസ്‌കാരിക വൈവിധ്യത്തെ സൂചിപ്പിക്കുന്ന വിവിധ ദൃശ്യാവതരണ പ്ലോട്ടുകള്‍ ഘോഷയാത്രയുടെ ഭാഗമായി ഉണ്ടായിരുന്നു.

കസവുമുണ്ടും സെറ്റ് സാരിയുമെല്ലാമണിഞ്ഞ ‘കേരളീയ വസ്ത്രധാരികള്‍’ ആഘോഷത്തിമര്‍പ്പില്‍ റോട്ടിലൂടെ നടന്നു നീങ്ങുമ്പോള്‍, സെക്രട്ടറിയേറ്റിന് മുന്നില്‍ മാസങ്ങളായി നില്‍പ് സമരം നടത്തിവരികയായിരുന്ന ആദിവാസി കുടുബംങ്ങളിലെ ഒരു ബാലന്‍ ഈ ഘോഷയാത്രയിലേക്ക് നോക്കി ദയനീയമായി നില്‍ക്കുന്ന ഒരു ചിത്രം സമരക്കാരില്‍ ഒരാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ നമ്മുടെ മുഖ്യധാരാസമൂഹത്തില്‍ നിന്നും എത്രമാത്രം പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ നേര്‍ചിത്രങ്ങളിലൊന്നായിരുന്നു അത്. സമാനമായ ഒരു കാഴ്ചയാണ് വയനാട് ജില്ലയിലെ കല്‍പ്പറ്റ കളക്ടറേറ്റിന് മുന്നില്‍ ഈ ഓണദിവസങ്ങളിലും കാണാന്‍ സാധിക്കുന്നത്. ഭൂമിക്ക് വേണ്ടി കഴിഞ്ഞ അഞ്ച് മാസത്തോളമായി സമരം ചെയ്തുവരുന്ന തൊവരിമല സമരത്തിലെ ആദിവാസി കുടുംബങ്ങള്‍ ഈ ഓണദിനത്തിലും മുദ്രാവാക്യങ്ങളുമായി സമരപ്പന്തലില്‍ തുടരുകയാണ്.

‘ഞങ്ങള്‍ ഇത്രയധികം കുടുബംങ്ങള്‍ ഇവിടെ രാവും പകലും സമരമിരിക്കാന്‍ തുടങ്ങിയിട്ട് കുറേ മാസങ്ങളായി. ഒരിക്കല്‍ പോലും ഇവിടുത്തെ അധികാരികള്‍ ഞങ്ങളെ വിളിച്ചുവരുത്തി ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവുകയോ ഞങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. സമരം ചെയ്ത് മടുക്കുമ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റ് പൊയ്ക്കോട്ടെ എന്ന തരത്തിലുള്ള നിലപാടാണ് ഇവിടുത്തെ അധികാരികള്‍ക്ക്. മാസങ്ങള്‍ പിന്നിട്ട ഒരു സമരം ഇവിടുത്തെ സര്‍ക്കാറില്‍ നിന്നും ഇത്രയധികം അവഗണന നേരിടുന്നത് ഞങ്ങള്‍ ആദിവാസികളായതുകൊണ്ട് മാത്രമാണ്. വയനാട്ടില്‍ തന്നെ മറ്റ് വിഭാഗങ്ങള്‍ നടത്തുന്ന ഒട്ടനേകം സമരങ്ങള്‍ വളരെ പെട്ടന്ന് ജില്ലാഭരണകൂടവും മറ്റും ഇടപെട്ട് പെട്ടന്ന് ഒത്തുതീര്‍പ്പാക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ ആദിവാസികള്‍ ഇവിടെ കിടന്ന് ചത്തുപോയ്ക്കോട്ടെ എന്നാണോ സര്‍ക്കാറുകള്‍ കരുതുന്നത്?’ സമരപ്പന്തലില്‍ നിന്നും ഡൂള്‍ന്യൂസുമായി ഫോണില്‍ സംസാരിക്കവേ ഒണ്ടന്‍ ചോദിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുക, ആദിവാസി ദളിത് വിഭാഗങ്ങളും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെ മുഴുവന്‍ ഭൂരഹിതര്‍ക്കും അടിയന്തിരമായി കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തൊവരിമല ഭൂസമരം 2019 ഏപ്രില്‍ 21 ന് ആരംഭിക്കുന്നത്.

തൊവരിമലയിലെ സമരഭൂമിയില്‍ നിന്നും ആദിവാസികുടുംബങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് ആട്ടിയിറക്കിയതിനാലാണ് സമരം പിന്നീട് കല്‍പ്പറ്റയിലെ കളക്ടറേറ്റിന് മുന്നിലേക്ക് മാറിയത്. സി.പി.ഐ (എംഎല്‍) റെഡ് സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാന്‍ സഭ യുടേയും (AIKKS) ആദിവാസി ഭാരത് മഹാസഭ (ABM) യുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതിയുടെ മുന്‍കൈയില്‍ തൊവരിമല സമരം നടന്നുവരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നൂറുകണക്കിന് ആദിവാസികുടുംബങ്ങള്‍ പങ്കെടുക്കുന്ന ഒരു ഭൂസമരം വയനാട്ടില്‍ ആരംഭിച്ചിട്ട് ഇത്രയും മാസങ്ങളായിട്ടും ഭരണ പ്രതിപക്ഷ ഭേദമന്യേ ഒരു ജനപ്രതിനിധി പോലും ഈ സമരം സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്. അടിസ്ഥാന വര്‍ഗത്തിന്റെ പ്രതിനിധി എന്നും ജനകീയനായ കമ്യൂണിസ്റ്റ് എന്നുമൊക്കെ വാഴ്ത്തപ്പെടാറുള്ള നേതാവാണ് കല്‍പ്പറ്റ എം.എല്‍.എ, സി.കെ ശശീന്ദ്രന്‍. അദ്ദേഹം ദിവസവും പലതവണ ഈ പന്തലിന് മുന്നിലൂടെ കടന്നുപോകാറുണ്ട്. പക്ഷേ, ഒരിക്കല്‍ പോലും ഈ സമരം സന്ദര്‍ശിക്കാനോ ആദിവാസി കുടുംബങ്ങളുമായി സംസാരിക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. സാധാരണ ഇത്തരം സമരങ്ങള്‍ നടക്കുമ്പോള്‍ രാഷട്രീയ നേട്ടത്തിന് വേണ്ടിയെങ്കിലും പ്രതിപക്ഷ കക്ഷികള്‍ അവിടെയെത്താറുണ്ട്. പക്ഷേ, വയനാട്ടിലെ കോണ്‍ഗ്രസ് എം.എല്‍.എ ആയ ഐ.സി ബാലകൃഷ്ണന്‍ അടക്കമുള്ള പ്രതിപക്ഷത്തെ ഒരു നേതാക്കളും ഇതുവരെ സമരപ്പന്തല്‍ സന്ദര്‍ശിച്ചിട്ടില്ല. വയനാട് എം.പിയും കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഇതിനിടയില്‍ പല തവണ വയനാട്ടില്‍ വന്നുപോയിരുന്നു. അപ്പോഴെല്ലാം ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ, പ്രാദേശിക രാഷ്ട്രീയക്കാരുടെ ഇടപെടല്‍ മൂലം അത് നടക്കാതെ പോവുകയാണുണ്ടായത്. കേരളത്തില്‍ ആദിവാസി ജനസംഖ്യ ഏറ്റവും അധികമുള്ള വയനാട് ജില്ലയില്‍ നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ ജില്ലാ ഭരണകേന്ദ്രത്തിന് മുന്നില്‍ മാസങ്ങളോളം സമരം ചെയ്തിട്ടും അത് ആരും കാണാതെ പോകുന്നു എന്നത് അത്യധികം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്.’ സമരത്തിന് നേതൃത്വം നല്‍കുന്ന സിപിഐ(എം.എല്‍) റെഡ്സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി അംഗം എം. പി. കുഞ്ഞിക്കണാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പുഴയോരങ്ങളിലെയും പുറമ്പോക്കുകളിലെയും കോളനിജീവിതം സൃഷടിക്കുന്ന ദുരിതങ്ങളില്‍ പൊറുതിമുട്ടിയാണ് വയനാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ള ആദിവാസി കുടുംബങ്ങള്‍ സമരത്തിലേക്ക് നീങ്ങിയത്. ഇതിനിടയില്‍ മഴക്കെടുതികളും പ്രളയവും ആവര്‍ത്തിച്ചതോടുകൂടി പല കുടുംബങ്ങളുടെയും നില കൂടുതല്‍ വഷളായിരിക്കയാണ്. മഴക്കെടുതികളില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരടക്കമുള്ള നിരവധി കുടുംബങ്ങള്‍ സമരത്തിലുണ്ട്. വര്‍ഷങ്ങളായി തങ്ങളനുഭവിച്ചു വരുന്ന ദുരിതങ്ങള്‍ക്ക് മേല്‍ പ്രകൃതി ദുരന്തങ്ങള്‍ കൂടി വലിയ ആഘാതഘങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍, അടിയന്തിരമായ ഭൂവിതരണമല്ലാതെ മറ്റൊരു പരിഹാരം ഈ വിഷയത്തില്‍ കാണാന്‍ സാധിക്കില്ലെന്നാണ് സമരപ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more