ചെറു നഗരങ്ങളിലാണെങ്കില്‍ രാത്രി ഒറ്റയ്ക്ക് ചുറ്റിത്തിരിയരുത്, സ്‌കേട്ട് ധരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണുള്ളത്
ന്യൂദല്‍ഹി: സ്‌കേട്ട് ധരിക്കരുതെന്ന് വിദേശ ടൂറിസ്റ്റുകള്‍ക്ക് കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ്മയുടെ ഉപദേശം. രാത്രി ഒറ്റയ്ക്കു ചുറ്റുത്തിരിയരുതെന്നും നിര്‍ദേശമുണ്ട്.
“ടൂറിസ്റ്റുകള്‍ എയര്‍പോര്‍ട്ടിലെത്തിയാല്‍ അവര്‍ക്ക് ഒരു വെല്‍ക്കം കിറ്റ് നല്‍കും. അതില്‍ എന്തൊക്കെ ചെയ്യാം എന്തു ചെയ്യരുത് എന്നു വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ടാവും. ചെറു നഗരങ്ങളിലാണെങ്കില്‍ രാത്രി ഒറ്റയ്ക്ക് ചുറ്റിത്തിരിയരുത്, സ്‌കേട്ട് ധരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണുള്ളത്. യാത്ര ചെയ്യുന്ന കാറിന്റെ ചിത്രമെടുത്ത് സുഹൃത്തുക്കള്‍ക്ക് അയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.” സംസ്‌കാരിക മന്ത്രി ശര്‍മ്മ പറഞ്ഞു.
“ഇന്ത്യ ഒരു സാംസ്‌കാര സമ്പന്നമായ രാജ്യമാണ്. ഞങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രത്യേക ഡ്രസ് കോഡുണ്ട്. വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.” അദ്ദേഹം പറയുന്നു.
ആഗ്രയില്‍ ടൂറിസ്റ്റുകളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ശര്‍മ്മ രംഗത്തെത്തിയിട്ടുണ്ട്. എന്തു ധരിക്കണം എന്തു ധരിക്കണ്ട എന്നു അവരോട് പറയുകയല്ല മരിച്ചത് രാത്രി ഒറ്റയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ശര്‍മ്മയുടെ വിശദീകരണം. ആരുടെയും വസ്ത്രധാരണ രീതി തിരുത്താനല്ല ശ്രമമെന്നും അദ്ദേഹം പറയുന്നു.
ശര്‍മ്മയുടെ പരാമര്‍ശങ്ങള്‍ ട്വിറ്ററില്‍ വലിയ ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്. പരാമര്‍ശത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.