ന്യൂദല്‍ഹി: നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന് എ.ഐ.സി.സി. സോളാര്‍ കേസില്‍ കേരളസര്‍ക്കാരിന് ഒരു രൂപപോലും നഷ്ടം ഉണ്ടായിട്ടില്ലെന്നും ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം തൃപ്തികരമാണെന്നും എ.ഐ.സി.സി മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിലപാട് വ്യക്തമാക്കി ഐ.ഐ.സി.സി രംഗത്ത് വന്നത്.
നേരത്തെ തന്നെ സരിത നായരുടെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുള്ളതാണെന്നും അതുകൊണ്ടു തന്നെ അവരുടെ മൊഴി കണക്കിലെടുക്കേണ്ടതില്ലെന്നും തമ്പാനൂര്‍ രവിയൈ സരിത ഫോണ്‍ ചെയ്തത് ഇവിടെ അപ്രസക്തമാണെന്നും രണ്‍ദീപ് സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇനിയും ആരോപണങ്ങള്‍ ഉയരും. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും സോളാര്‍ കേസില്‍ കൈക്കൂലി വാങ്ങിയിട്ടില്ല. സോളാര്‍ കമ്മീഷനെ നിയോഗിച്ചത് പോലും മുഖ്യമന്ത്രിയാണ്. നിയമ നടപടികളുമായി മുന്നോട്ട് പോകും. രണ്‍ദീപ് സിങ് കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദമായ കത്ത് ഹൈക്കമാന്റിന് കൈമാറിയിരുന്നു. അതേസമയം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നാളെ കേരളത്തിലെത്തും.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ ജോസഫ് നല്‍കിയ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും കോഴ നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി.