|

ഭക്തർ 'മാന്യമായ വസ്ത്രം' ധരിക്കണം; സിദ്ധിവിനായക ക്ഷേത്രത്തിൽ ഷോർട്ട് സ്കേർട്ടുകൾക്ക് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭക്തർക്ക് ഡ്രസ്സ് കോഡുമായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഡ്രസ് കോഡ് അനുസരിച്ച് അടുത്തയാഴ്ച മുതൽ ക്ഷേത്രത്തിൽ ഷോർട്ട് സ്‌കേർട്ടുകളോ ശരീരം വെളിവാകുന്ന വസ്ത്രങ്ങളോ ധരിച്ച ഭക്തരെ പ്രവേശിപ്പിക്കില്ല.

ഭക്തർ ‘മാന്യമായതും’ ശരീരം മറയ്ക്കുന്നതുമായ വസ്ത്രങ്ങൾ ധരിക്കണമെന്ന് ശ്രീ സിദ്ധിവിനായക് ഗണപതി ക്ഷേത്ര ട്രസ്റ്റ് (എസ്.എസ്.ജി.ടി.ടി) പറഞ്ഞു. ‘അടുത്തയാഴ്ച മുതൽ, പ്രഭാദേവി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ശരീരം പുറത്ത് കാണുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്ന ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല,’ ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു.

ശരീരം പുറത്ത് കാണുന്ന വസ്ത്രങ്ങൾ മറ്റ് ഭക്തർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഡ്രസ് കോഡ് തീരുമാനമെന്ന് ട്രസ്റ്റ് പറഞ്ഞു.

കീറലുകൾ ഉള്ള ട്രൗസറുകൾ, ഷോർട്ട് സ്‌കർട്ട്, ശരീരഭാഗങ്ങൾ വെളിവാക്കുന്ന വസ്ത്രം എന്നിവ ധരിച്ച ഭക്തരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്നും ട്രസ്റ്റ് പുറത്ത് വിട്ട ഉത്തരവിൽ പറയുന്നു.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഓരോ ദിവസവും എത്തുന്നതെന്നും ആരാധനാലയത്തിൽ അനാദരവായി തോന്നുന്ന വസ്ത്രധാരണത്തെക്കുറിച്ച് നിരവധി സന്ദർശകർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് പറഞ്ഞു.

‘ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ ലഭിച്ചതിനെത്തുടർന്ന്, ക്ഷേത്രത്തിൻ്റെ പവിത്രത സംരക്ഷിക്കുന്നതിനായി ഡ്രസ് കോഡ് നടപ്പിലാക്കാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു,’ ട്രസ്റ്റ് പറഞ്ഞു.

അടുത്ത കാലത്തായി രാജ്യത്തുടനീളമുള്ള നിരവധി ക്ഷേത്രങ്ങൾ ഭക്തർക്ക് ഡ്രസ് കോഡുകൾ ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് ആത്മീയവും മതപരവുമായ സ്ഥലങ്ങളിലെ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചർച്ചകൾക്ക് കാരണമായെന്നും ട്രസ്റ്റിൻ്റെ ട്രഷറർ പവൻ ത്രിപാഠി പറഞ്ഞു.

‘ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. ക്ഷേത്രം എടുത്ത തീരുമാനം ഭക്തർ പാലിക്കേണ്ടതുണ്ട്,’ ത്രിപാഠി പറഞ്ഞൂ.

കഴിഞ്ഞ വർഷം ഡിസംബറിൽ, വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്ര ഭരണസമിതി ഭക്തരോട് ഹാഫ് പാൻ്റ്‌സ്, മിനി സ്കർട്ട്, നൈറ്റ് സ്യൂട്ടുകൾ, കീറിയ ജീൻസ് എന്നിവ ധരിച്ച് ക്ഷേത്രത്തിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ആരാധനാലയം, വിനോദസഞ്ചാര കേന്ദ്രമല്ലെന്നായിരുന്നു ക്ഷേത്രത്തിന്റെ വാദം.

Content Highlight: No short skirts, revealing clothes: Siddhivinayak Temple’s dress code for devotees