മുംബൈ: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം ആരംഭിച്ചതിനെത്തുടര്‍ന്ന് ചെന്നൈയുടെ ഹോം മത്സരങ്ങള്‍ മാറ്റുമെന്ന വാര്‍ത്തകളെ തള്ളി ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഷെഡ്യൂള്‍ പ്രകാരം തന്നെ മത്സരങ്ങള്‍ നടക്കുമെന്നാണ് ഐ.പി.എല്‍ ചെയര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ചെന്നൈയുടെ ഹോം മത്സരങ്ങള്‍ കേരളത്തില്‍ നടക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയാണ് രാജീവ് ശുക്ല വിഷയത്തില്‍ വ്യക്തത വരുത്തിയത്. ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും രാഷ്ട്രീയ വിഷയത്തിലേക്ക് ഐ.പി.എല്ലിനെ വലിച്ചിഴക്കരുതെന്നും രാജീവ് ശുക്ല പറഞ്ഞു.
കാവേരി തര്‍ക്കത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. മത്സരത്തിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സജ്ജമാണെന്ന് കെ.സി.എ ബി.സി.സി.ഐയെ അറിയിക്കുകയും ചെയ്തിരുന്നു. ബി.സി.സി.ഐ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും വേദിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജും പറഞ്ഞിരുന്നു.
നേരത്തെ ഐ.പി.എല്ലിനെതിരെ രജനീകാന്ത് അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്നത്തിലുള്ള പ്രതിഷേധം ദേശീയ തലത്തില്‍ അറിയിക്കണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്. ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് കളിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
ഏപ്രില്‍ 10ന് ചെന്നൈ ചെപ്പോക്ക് എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയുടെ ആദ്യ ഹോം മത്സരം തീരുമാനിച്ചിരുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂള്‍പ്രകാരം തന്നെ മത്സരങ്ങള്‍ നടക്കുമെന്നാണ് ഇപ്പോള്‍ സമിതി വ്യക്തമാക്കിയിരിക്കുന്നത്.
കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. സിനിമാ രംഗത്തെ സൂപ്പര്‍ താരങ്ങള്‍ പോലും സമരത്തിനിറങ്ങിയിട്ടുണ്ട്. നടന്‍ വിജയ്, കമല്‍ഹാസന്‍, ധനുഷ്, സൂര്യ, നാസര്‍, വിശാല്‍, ശിവകാര്‍ത്തികേയന്‍, സത്യരാജ് തുടങ്ങിയ വലിയ താരനിര തന്നെ സമര രംഗത്തുണ്ട്. തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് സമരം.