ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ പരിശീലകനു കീഴില്‍ ശ്രീലങ്കയില്‍ മിന്നുന്ന ജയം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയെങ്കിലും ടീം പരിശീലക തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ അവസാനിച്ചിട്ടില്ല. പരിശീലകനായിരുന്ന അനില്‍ കുംബ്ലെ താരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നായിരുന്നു സ്ഥാനം രാജിവെച്ചിരുന്നത്.
പകരക്കാരനെത്തേടി ബി.സി.സി.ഐ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ തന്നെ രവിശാസ്ത്രി പരിശീലകനായെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുന്‍നായകന്‍ കൂടിയായ ശാസ്ത്രി പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കാതിരുന്നപ്പോള്‍ പുതിയ പരിശീലകനെത്തുമെന്ന് പലരും കരുതി.
എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍ ബി.സി.സി.ഐയില്‍ അപേക്ഷയുമായി രവിശാസ്ത്രി എത്തുന്നു. വൈകാതെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ രംഗത്തെത്തുന്നു, എല്ലാം വളരെ പെട്ടന്നു കഴിയുകയും ചെയ്തു.
ശാസ്ത്രിയുടെ പുതിയ സ്ഥാനാരോഹണം ബി.സി.സി.ഐയും നായകന്‍ കോഹ്‌ലിയുമായുള്ള ബന്ധമാണെന്ന ആരോപണമുയര്‍ന്നെങ്കിലും പിന്നീടത് വാര്‍ത്തയല്ലാതാവുകയായിരുന്നു.
Dont Miss: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍
എന്നാല്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. തന്നെ ഇന്ത്യന്‍ ടീം പരിശീലകനാക്കാതിരുന്നത് ബി.സി.സി.ഐയുമായി ബന്ധമില്ലാത്തതിനാലാണെന്ന് വീരേന്ദര്‍ സേവാഗ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ചാനല്‍ പരിപാടിയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കാതിരുന്നതിന്റെ കാരണമെന്താണെന്ന ചോദ്യത്തിനായിരുന്നു സേവാഗിന്റെ ഈ മറുപടി. “ബി.സി.സി.ഐയുമായി എനിക്കു യാതൊരു ഇടപാടുകളുമില്ലായിരുന്നു” എന്നാണ് സെവാഗ് പ്രതികരിച്ചത്.
പരിശീലകസ്ഥാനത്തേക്ക് ശാസ്ത്രി അപേക്ഷ കൊടുത്തിട്ടുണ്ട് എന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ അപേക്ഷ നല്‍കില്ലായിരുന്നെന്നും സെവാഗ് പറഞ്ഞു. ഇംഗ്ലണ്ടില്‍ ചാംപ്യന്‍സ് ട്രോഫി നടക്കുന്ന സമയത്ത് താന്‍ രവിശാസ്ത്രിയോട് പരിശീലകനാകാനുള്ള അപേക്ഷ നല്‍കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഒരു തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞതെന്നും സേവാഗ് പറഞ്ഞു.