| Friday, 26th August 2016, 9:42 pm

ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് തെളിവില്ലെന്ന് പോലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു:   ആംനസ്റ്റി ബംഗളൂരുവില്‍ സംഘടിപ്പിച്ച കശ്മീരിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ന്നിട്ടില്ലെന്ന് ബംഗളൂരു പോലീസ്.  എഡിറ്റ് ചെയ്യാത്ത പരിപാടിയുടെ 90 മിനുട്ട് നീണ്ട വീഡിയോ പരിശോധിച്ചെന്നും ഇതില്‍ രാജ്യദ്രോഹക്കേസെടുക്കാന്‍ മാത്രം ഒന്നുമില്ലെന്നും പോലീസ് പറഞ്ഞു.

പരിപാടിയില്‍ “ആസാദി” മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അവ രാജ്യത്തിനോ സൈന്യത്തിനോ എതിരല്ലെന്നും പോലീസ് പറഞ്ഞു.

ചര്‍ച്ചയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നെന്ന് ആരോപിച്ച് എ.ബി.വി.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആംനസ്റ്റിയുടെ ഇന്ത്യാ ഘടകത്തിനെതിരെ കേസെടുത്തിരുന്നത്. ആനംസ്റ്റി നടത്തിയ സെമിനാറിലേക്ക് കടന്നു കയറിയ കുറച്ച് കശ്മീരി വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നായിരുന്നു പരാതി.കേസെടുത്തതിന് പിന്നാലെ സംഘടനയ്ക്ക് വരുന്ന ഫണ്ട് തടയാനും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.

ആംനസ്റ്റിയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള എ.ബി.വി.പി പ്രക്ഷോഭം ദിവസങ്ങളോളം നീളുകയും പലതും അക്രമാസക്തമാവുകയും ചെയ്തിരുന്നു. സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ചെന്നൈ, പൂനെ, ദല്‍ഹി എന്നിവിടങ്ങളിലെ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ആംനസ്റ്റി തീരുമാനിച്ചിരുന്നു.

കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 13ന് ബംഗളൂരുവിലെ തിയോളജിക്കല്‍ കോളജില്‍ “ബ്രോക്കണ്‍ ഫാമിലീസ്” എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more