| Sunday, 12th December 2021, 10:07 am

തെരഞ്ഞെടുപ്പ് വരുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് ബി.ജെ.പിയുടെ സ്ഥിരം പരിപാടി, എന്തുചെയ്താലും പഞ്ചാബില്‍ ജയിക്കില്ല: ചരണ്‍ ജിത്ത് സിങ് ചന്നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: പഞ്ചാബില്‍ ഒരു തരത്തിലുമുള്ള സുരക്ഷ ഭീഷണിയുമില്ലെന്നും മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ സൃഷ്ടി മാത്രമാണതെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി.

നാഷണല്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ രവീഷ് തിവാരിയും ചണ്ഡീഗഢിലെ റസിഡന്റ് എഡിറ്റര്‍ മന്‍രാജ് ഗ്രെവാള്‍ ശര്‍മ്മയും ചേര്‍ന്ന് മോഡറേറ്റ് ചെയ്ത ഇ-അദ്ദയില്‍ സംസാരിക്കവേയാണ് അമരീന്ദറിനും ബി.ജെ.പിക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. ‘ബി.ജെ.പിയുമായി വളരെ നാളുകളായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് അമരീന്ദര്‍ ഡ്രോണുകളെ പറ്റി പറയുന്നത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഭയം സൃഷ്ടിക്കുന്നത് ബി.ജെ.പിയുടെ അജണ്ടയാണ്. അവര്‍ ഒരു സ്‌ഫോടനം സൃഷ്ടിച്ചേക്കും. എന്നാല്‍ ഞങ്ങള്‍ക്ക് പൊലീസിലും ഭരണസംവിധാനങ്ങളിലും പൂര്‍ണവിശ്വാസമുണ്ട്. ഡ്രോണ്‍ ഒന്നും വരില്ല. നമുക്ക് സ്വന്തം നിലയില്‍ തന്നെ സമാധാനം നിലനിര്‍ത്താന്‍ പറ്റും,’ ചന്നി പറഞ്ഞു.

തെരഞ്ഞെുപ്പ് അടുക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് ബി.ജെ.പിയുടെ സ്ഥിരം പരിപാടിയാണെന്നും ചന്നി പറഞ്ഞു. ‘എന്ത് ചെയ്താലും പഞ്ചാബില്‍ ബി.ജെ.പി വിജയിക്കാന്‍ പോകുന്നില്ല. മറ്റാരെക്കാളും വലിയ ദേശീയവാദികളാണ് പഞ്ചാബികള്‍. രക്തസാക്ഷികളുടെ പട്ടിക പരിശോധിക്കുകയാണെങ്കില്‍ അതില്‍ 70 ശതമാനവും പഞ്ചാബികളായിരിക്കും,’ അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാരുമായി കൊമ്പുകോര്‍ത്തു നില്‍ക്കുന്ന പി.സി.സി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവുമായി നല്ല സഹകരണത്തിലാണെന്നും ചന്നി പറഞ്ഞു. ‘ അദ്ദേഹത്തിന്റെ മണ്ഡലത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. പാട്യാലയിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. രണ്ട് ദിവസം മുമ്പ് അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച് സിക്‌സുകള്‍ അടിച്ച താരമാണ്. അദ്ദേഹം ഇപ്പോഴും സിക്‌സുകള്‍ അടിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം നല്ലൊരു കളിക്കാരനാണ്,’ ചന്നി പറഞ്ഞു.

‘സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നു. എനിക്ക് എല്ലാ എം.എല്‍.എമാരില്‍ നിന്നും നല്ല രീതിയില്‍ പിന്തുണ ലഭിക്കുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: : no-security-threat-in-punjab-bjp-channi

We use cookies to give you the best possible experience. Learn more