| Monday, 2nd August 2021, 9:54 am

സേനക്ക് നേരെ കല്ലെറിഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടിനും സര്‍ക്കാര്‍ ജോലിക്കും സെക്യൂരിറ്റി ക്ലിയറന്‍സ് കൊടുക്കില്ല; ജമ്മു-കശ്മീര്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസിനോ സുരക്ഷാസേനക്കോ നേരെ കല്ലെറിഞ്ഞവര്‍ക്ക് സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കില്ലെന്ന് ജമ്മു-കശ്മീര്‍ പൊലീസ്. പൊലീസിലെ സി.ഐ.ഡി വിഭാഗം പുറത്തുവിട്ട പ്രസ്താവനയിലാണ് പുതിയ നിര്‍ദേശം ഉള്‍പ്പെട്ടിരിക്കുന്നത്.

കല്ലേറിലോ ഭരണകേന്ദ്രങ്ങള്‍ക്കെതിരെയുള്ള അട്ടിമറി പ്രവര്‍ത്തനങ്ങളിലോ ഉള്‍പ്പെട്ടവര്‍ക്ക് പാസ്‌പോര്‍ട്ടിനോ സര്‍ക്കാര്‍ ജോലികള്‍ക്കോ ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കില്ലെന്നാണ് ഈ പ്രസ്താവനയില്‍ പറയുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുക പോലെയുള്ള ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നവര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതുകൊണ്ടു തന്നെ വെരിഫിക്കേഷന്‍ നടപടികളുടെ സമയത്ത് ഇക്കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ലോക്കല്‍ പൊലീസ് റെക്കോര്‍ഡുകളും സി.സി.ടി.വി ഫൂട്ടേജുകളും ഫോട്ടോകളും വീഡിയോകളും പരിശോധിക്കണമെന്നും പൊലീസ് അറിയിച്ചു.

സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാനുള്ള പരിശോധനാഘട്ടത്തില്‍ സുരക്ഷാസേനയെയും മറ്റു ഏജന്‍സികളെയും ബന്ധപ്പെടണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജമ്മു-കശ്മീര്‍ ഭരണകേന്ദ്രം നേരത്തെ തന്നെ കേസിലുള്‍പ്പെട്ടവര്‍ എന്നാരോപിച്ച് ഗസറ്റഡ് പദവിയിലടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദികളെ സഹായിക്കുകയോ തീവ്രവാദത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 15 പേരെയാണ് ഇത്തരത്തില്‍ പുറത്താക്കിയത്. കൂടുതല്‍ പേരെ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: No security clearance for stone pelters for passport, govt jobs : Jammu and Kashmir Police

We use cookies to give you the best possible experience. Learn more