സെക്കുലറും സോഷ്യലിസ്റ്റുമില്ല; റിപ്പബിക് ദിനത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ ആമുഖം
national news
സെക്കുലറും സോഷ്യലിസ്റ്റുമില്ല; റിപ്പബിക് ദിനത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ ആമുഖം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th January 2024, 1:33 pm

ന്യൂദൽഹി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ Mygov പ്ലാറ്റ്ഫോമിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച ഭരണഘടനാ ആമുഖത്തിൽ ‘സെക്കുലർ,’ ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ഇല്ല.

പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ സേവനങ്ങൾ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് Mygov.

ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഭരണഘടനയുടെ യഥാർത്ഥ ആമുഖം വീണ്ടും സന്ദർശിക്കാം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

പുതിയ ഇന്ത്യ ഈ അടിസ്ഥാന തത്വങ്ങളെ എത്രത്തോളം പ്രതിധ്യനിപ്പിക്കുന്നു എന്നും പോസ്റ്റിൽ ചോദിക്കുന്നുണ്ട്. ഇന്ത്യ അതിന്റെ വേരുകളിൽ ഉറച്ചുനിന്നുകൊണ്ട് ഇന്ത്യ എങ്ങനെയാണ് പരിണമിച്ചതെന്ന് നോക്കാമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

സോഷ്യലിസ്റ്റും സെക്കുലറും ഒഴികെ ഭരണഘടനയിലെ സോവറീൻ, ഡെമോക്രാറ്റിക്, റിപ്പബ്ലിക് എന്നീ വാക്കുകളും അവയ്ക്ക് കീഴിൽ ബി.ജെ.പി സർക്കാർ എന്തെല്ലാം നേടി എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

പുതിയ ഇന്ത്യയിലെ പരമാധികാരത്തിൽ (Sovereignty) പ്രതിരോധ മേഖലയിൽ കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന നേട്ടങ്ങൾ നിരത്തിയിട്ടുണ്ട്. ജനാധിപത്യത്തിൽ (Democracy) സ്ത്രീകൾക്ക് 33 ശതമാനം രാഷ്ട്രീയ പ്രാധാന്യം ഉറപ്പാക്കിയെന്നും 34 ലക്ഷം കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നും അവകാശപ്പെടുന്നുണ്ട്.

റിപ്പബ്ലിക്കിന് കീഴിൽ പുതിയ പാർലമെന്റ് രാജ്യത്തിനായി തുറന്നുകൊടുത്ത കാര്യമാണ് അവകാശപ്പെടുന്നത്. അതേസമയം ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുകയും സ്ഥിരമായ സമാധാനം ഉറപ്പുവരുത്തുകയും ചെയ്തതായി പറയുന്നു.

മണിപ്പൂരിൽ ഇപ്പോഴും കർഫ്യൂ തുടരുന്ന സാഹചര്യത്തിലാണ് വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ സമാധാനം നിലനിർത്തിയെന്ന് കേന്ദ്രം അവകാശപ്പെടുന്നത്.

ഇതാദ്യമായല്ല കേന്ദ്രസർക്കാർ ഭരണഘടനയിൽ നിന്ന് സെക്കുലറും സോഷ്യലിസ്റ്റും ഒഴിവാക്കുന്നത്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടന വേളയിൽ എം.പിമാർക്ക് വിതരണം ചെയ്ത ഭരണഘടനയുടെ കോപ്പിയിലും സെക്കുലറും സോഷ്യലിസ്റ്റും ഉണ്ടായിരുന്നില്ല.

Content Highlight: No Secular, Socialist in Constitution Preamble shared by Mygov in social media