ന്യൂദൽഹി: ദൽഹി, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാവില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. എന്നാൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും പ്രതിപക്ഷമായ ഇന്ത്യാ സഖ്യം ഒന്നിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘പഞ്ചാബിൽ ഇന്ത്യാ സഖ്യം ഉണ്ടാവില്ല. ഹരിയാനയിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റ് നൽകിയിരുന്നു, എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം ഉണ്ടാവില്ലെന്ന് ദൽഹിയിൽ എ.എ.പി തന്നെ പറഞ്ഞിട്ടുണ്ട്. ബംഗാളിലും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായായിരുന്നു സഖ്യം,’ ജയറാം രമേശ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ദൽഹിയിലെ ഏഴു സീറ്റിലും ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചാണ് മത്സരിച്ചത്. വടക്കുകിഴക്കൻ ദൽഹി, വടക്കുപടിഞ്ഞാറൻ ദൽഹി, ചാന്ദ്‌നി ചൗക്ക് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്.
വെസ്റ്റ് ദൽഹി, സൗത്ത് ദൽഹി, ഈസ്റ്റ് ദൽഹി, ന്യൂദൽഹി മണ്ഡലങ്ങളിൽ നിന്നുമാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ സഖ്യത്തിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഏഴു സീറ്റിലും ബി.ജെ.പി വിജയിക്കുകയായിരുന്നു.
ജൂൺ ആറിന് ആം ആദ്മി പാർട്ടിയുടെ ദൽഹി യൂണിറ്റ് കൺവീനർ ഗോപാൽ റായ് കോൺഗ്രസുമായുള്ള സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാത്രമാണെന്ന് പറഞ്ഞിരുന്നു.
മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ദൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കും.