| Thursday, 15th October 2020, 8:07 am

ഹാത്രാസ് കേസ്: സി.ബി.ഐ സംഘത്തില്‍ എസ്.സി, എസ്.ടി ഉദ്യോഗസ്ഥരെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാത്രാസില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസന്വേഷണത്തില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.

അന്വേഷണത്തിന് നിയോഗിക്കപ്പെട്ട സി.ബി.ഐ സംഘത്തില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

എസ്.സി, എസ്.ടി ആക്ട്പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് അന്വേഷണ സംഘത്തില്‍ എസ്.സി, എസ്.ടി, അല്ലെങ്കില്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താത്തത് എന്ന് അദ്ദേഹം ചോദിച്ചു.

”ഹാത്രാസ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പോലും എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല. എസ്.സി-എസ്.ടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സി.ബി.ഐ കേന്ദ്രസര്‍ക്കാരിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ മോദിജിയോട് അഭ്യര്‍ത്ഥിക്കുന്നു, അന്വേഷണ സംഘത്തെ ഏകപക്ഷീയമാക്കരുത്. നീതിയിലെ സുതാര്യത വളരെ പ്രധാനമാണ്, ”ആസാദ് ട്വീറ്റില്‍ പറഞ്ഞു.

അതേസമയം, ഹാത്രാസ് കേസിലെ എഫ്.ഐ.ആര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ സൈറ്റില്‍ നിന്നും നീക്കംചെയ്ത സി.ബി.ഐയുടെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. കേസ് ഏറ്റെടുത്തതിനെക്കുറിച്ചുള്ള പത്രക്കുറിപ്പും നീക്കം ചെയ്തിരുന്നു.

പിന്നീട് പ്രതികള്‍ക്കെതിരെ കേസ് ഏറ്റെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും കാണിച്ച് പുതിയ വാര്‍ത്താക്കുറിപ്പ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.

പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സി.ബി.ഐ കേസ് ഏറ്റെടുത്തത്. പിന്നാലെ കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി എഫ്.ഐ.ആര്‍ തയാറാക്കുകയും ചെയ്തിരുന്നു.

ബലാത്സംഗം, കൊലപാതകശ്രമം, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവ കേസിലെ കുറ്റകൃത്യമാണ് എന്ന് സംശയിക്കുന്നതായാണ് സി.ബി.ഐ രേഖപ്പെടുത്തിയത്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  No SC/ST member part of CBI team probing Hathras rape case, transparency needed: Chandrashekhar Azad

We use cookies to give you the best possible experience. Learn more