കേരളത്തിലെ എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് ലക്ചര്‍മാര്‍ക്ക് കഴിഞ്ഞ പത്തു മാസമായി ശമ്പളം നിലച്ചിരിക്കുകയാണ്. മുവ്വായിരത്തോളം അധ്യാപകരാണ് ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ശമ്പളമില്ലാതെ ജോലിയെടുക്കേണ്ടി വരുന്നത്. വിദ്യഭ്യാസ വകുപ്പിന്റെ ഡി.ഡി.ഇ ഓഫീസ് വഴിയാണ് സംസ്ഥാനത്തെ ഗസ്റ്റ് ലക്ചര്‍മാര്‍ക്ക് ശമ്പളം പാസാകേണ്ടത്. എന്നാല്‍ ഉത്തരവുകള്‍ നടപ്പിലാക്കുന്നതിലെ വീഴ്ചയും ശമ്പള ബില്ലുകള്‍ കൈമാറുന്നതില്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന കാലതാമസവും അധ്യാപകരുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്.
2018 ജൂണ്‍ മുതല്‍ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം കുടിശ്ശികയാണ്. മാര്‍ച്ച് 31ന് അധ്യാപകരുടെ നിലവിലെ കരാര്‍ അവസാനിക്കും. അതായത്, ഇന്ന് കൂടി കഴിഞ്ഞാല്‍ ഒരു വര്‍ഷം മുഴുവന്‍ ജോലി ചെയ്തതിന് വേതനം ലഭിക്കാതെ കോളേജുകളില്‍ നിന്ന് ഇറങ്ങേണ്ട അവസ്ഥയാണുള്ളത്.
വര്‍ധിപ്പിച്ച ശമ്പളം വേണ്ട, ഉള്ളതെങ്കിലും നല്‍കിക്കൂടെ ?
ഗസ്റ്റ് അധ്യാപകര്‍ക്ക് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. മുന്‍കാല പ്രാബല്യത്തോടെ വര്‍ധിത വേതനം അധ്യാപകര്‍ക്ക് നല്‍കുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് പത്ത് മാസമായി ഈ അധ്യാപകര്‍ക്ക് ശമ്പളം വൈകിപ്പിക്കുന്നത്.
നേരത്തെ യു.ജി.സി യോഗ്യതയുള്ള ഗസ്റ്റ് അധ്യാപകര്‍ക്ക് മണിക്കൂറിന് 500 രൂപ വീതം മാസത്തില്‍ പരമാവധി 25000 രൂപവരെയും യു.ജി.സി യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് മണിക്കൂറിന് 300 രൂപ എന്ന കണക്കില്‍ മാസം 20000 രൂപ വരെയുമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഈ അധ്യയന വര്‍ഷം മുതല്‍ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള കരടുരേഖ ധനമന്ത്രി ഡോ. തോമസ് ഐസക് ഒപ്പിട്ടു. വര്‍ധന ഉത്തരവില്‍ 2017 മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യവും പ്രഖ്യാപിച്ചിരുന്നു.
പുതുക്കിയ ശമ്പളം അനുസരിച്ച് യു.ജി.സി. നെറ്റ് അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.) ഉള്ളവര്‍ക്ക് ലഭിക്കേണ്ടത് ദിവസം 1750 രൂപയാണ്. മാസം പരമാവധി 25 അധ്യയന ദിവസത്തേക്ക് 43,750 രൂപ. യു.ജി.സി. യോഗ്യതയില്ലാത്തവര്‍ക്ക് ദിവസം 1600 രൂപയും മാസം പരമാവധി 40,000 രൂപയും.
സര്‍ക്കാരിന്റെ ഈ ഉത്തരവ് നല്ല തീരുമാനമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ കോളേജുകളില്‍ ശമ്പളം കൊടുത്തു തുടങ്ങിയെങ്കിലും ഭൂരിപക്ഷം എയ്ഡഡ് കോളേജുകളും ബില്ലുകള്‍ പാസാക്കി ശമ്പളം നല്‍കിയിട്ടില്ല.
മറ്റ് അധ്യാപകരെ പോലെ മുഴുവന്‍ സമയവും ഗസ്റ്റ് അധ്യാപകര്‍ കോളേജുകളില്‍ ഉണ്ടാവും. സ്ഥാപനത്തില്‍ സ്ഥിരം അധ്യാപകര്‍ ചെയ്യുന്ന എല്ലാ ജോലികളും ഇവര്‍ ചെയ്യും. പല കോളേജുകളിലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതും ഇവര്‍ തന്നെയാണ്.
ശമ്പള വര്‍ധനവ് ഉണ്ടായ സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍ക്ക് കൃത്യം ശമ്പളം കിട്ടുകയും എയ്ഡഡ് മേഖലയിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് വിവേചനമായാണ് വിലയിരുത്തപ്പെടുന്നത്. സംഘടനാ പിന്‍ബലമുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളെജ് അധ്യാപകരെ അപേക്ഷിച്ച് സംഘടിത സ്വഭാവമില്ലാത്ത ഗസ്റ്റ് അധ്യാപകര്‍ക്ക് തങ്ങള്‍ നേരിടുന്ന ഇത്തരം ചൂഷണങ്ങളെ പ്രതിരോധിക്കാനും വിഷയം അവതരിപ്പിക്കാനും ഒരു വേദിയില്ല എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
മാനേജ്മെന്റുകളുടെ അനാസ്ഥ
ഗസ്റ്റ് അധ്യാപകരുടെ ശമ്പള ബില്ലുകള്‍ കൃത്യമായി ഡി.ഡി.ഇ ഓഫീസുകളില്‍ അതത് മാനേജ്മെന്റുകള്‍ എത്തിക്കാത്തതാണ് ശമ്പളം വൈകുന്നതിലെ പ്രധാന കാരണം. ശമ്പളവര്‍ധനഉത്തരവ് ഇറങ്ങിയ ശേഷം പുതിയ ശമ്പളം കണക്ക് കൂട്ടുന്നതില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നത് ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതിനും നിലവിലെ കുടിശ്ശിക കൊടുത്ത് തീര്‍ക്കുന്നതിനും വിലങ്ങുതടിയാവുന്നു.
കോളേജുകളില്‍ നിന്ന് ഗസ്റ്റ് ലക്ചര്‍മാര്‍ക്കുള്ള ശമ്പളത്തിന്റെ ബില്ല് അയക്കുന്നില്ലെന്നത് തന്നെയാണ് ഒന്നാമത്തെ പ്രശ്‌നമെന്ന് അധ്യാപക സംഘടനയായ എ.കെ.സി.ജി.എല്‍.യു നേതൃത്വത്തിലുള്ള ദിലീപ് പറയുന്നു.
“മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് പ്രധാനമായും ശമ്പളം വൈകുന്നതിനുള്ള കാരണം. സമയത്ത് അവര്‍ ബില്ല് കൊടുക്കാറില്ല. അപ്പോയ്ന്‍മെന്റ് ഓര്‍ഡറുകള്‍ പോലും വൈകിയാണ് സമര്‍പ്പിക്കാറുള്ളത്. പലപ്പോഴും സമര്‍പ്പിക്കുന്ന രേഖകളില്‍ എന്തെങ്കിലും രീതിയിലുള്ള പോരായ്മകളുണ്ടാവും. ഡി.ഡി.ഇ ഓഫീസില്‍ നിന്ന് ആവശ്യപ്പെടുന്ന രേഖകളെല്ലാം പലപ്പോഴും കൃത്യമായി സമര്‍പ്പിക്കാറില്ല. റെക്ടിഫൈ ചെയ്ത് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടാലും ആവശ്യമായ നടപടി സ്വീകരിക്കാറില്ല. പലപ്പോഴും ഗസ്റ്റ് അധ്യാപകര്‍ ഡി.ഡി.ഇ ഓഫീസിലേക്ക് വിളിച്ചു ചോദിക്കുമ്പോഴാണ് തിരിച്ചയച്ച വിവരം അറിയുന്നത്. എന്നാല്‍ ഡി.ഡി.ഇ ഓഫീസുകളുടെ മേല്‍ പഴിചാരി രക്ഷപ്പെടുകയാണ് മാനേജ്മെന്റുകള്‍ ചെയ്യുന്നത്.”
മാനേജ്മെന്റുകളുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ഗസ്റ്റ് അധ്യാപകര്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഡി.ഡി.ഇ. ഓഫീസില്‍ നിന്ന് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഓരോ മാസവും പത്താം തിയ്യതിക്കുള്ളില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ സാലറി ബില്‍ പാസാക്കിയതിന് ശേഷമേ സ്ഥിരം അധ്യാപകരുടെ ബില്‍ അയക്കാന്‍ പാടുള്ളൂ എന്നായിരുന്നു സര്‍ക്കുലര്‍. പക്ഷെ ഇത് പാലിക്കപ്പെട്ടില്ല.
ഡി.ഡി.ഇ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പല മാനേജ്‌മെന്റുകളും ഇനിയും ബില്ലുകള്‍ അയച്ചിട്ടില്ലെന്ന് വ്യക്തമായതായി അധ്യാപകര്‍ പറയുന്നു.
“ഡി.ഡി.ഇ ഓഫീസില്‍ നിന്ന് ഒരു നോട്ടീസയച്ചാല്‍ അത് വായിച്ചു മനസിലാക്കാന്‍ പോലും പറ്റാത്ത ജീവനക്കാരാണ് പല കോളേജുകളിലുമുള്ളത്. ഈ ജോലികളും പലപ്പോഴും ഗസ്റ്റ് അധ്യാപകര്‍ക്ക് ചെയ്യേണ്ടി വരാറുണ്ട്. രേഖകള്‍ ഡി.ഡി.ഇ ഓഫീസിലേക്ക് അയക്കേണ്ട കടമ മാത്രമേ ഈ ജീവനക്കാര്‍ക്ക് ഉണ്ടാവുന്നുള്ളൂ. അതു പോലും കൃത്യമായി അയക്കുന്നതില്‍ വീഴ്ച വരുന്നുണ്ട്”” ദിലീപ് പറയുന്നു.
ശമ്പളം വൈകുന്നത് സംബന്ധിച്ച് കൊല്ലത്തെ എയ്ഡഡ് കോളേജ് അധ്യാപികയായ അനഘ പറയുന്നത് ഇപ്രകാരമാണ്.
“”ബില്ല് ലേറ്റായതില്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ട്. ജൂണില്‍ ജോയിന്‍ ചെയ്താല്‍ ഞങ്ങള്‍ക്ക് അപ്പോയിന്‍മെന്റ് ഉത്തരവ് നല്‍കുന്നത് നവംബര്‍, ഡിസംബര്‍ ഒക്കെ ആവുമ്പോഴാണ്. നിയമന ഉത്തരവ് ഇല്ലാതെ ശമ്പള ബില്ലുകളൊന്നും ഡി.ഡി.ഇ ഓഫീസിലേക്ക് അയക്കാന്‍ പറ്റില്ല. ലേറ്റാവാനുള്ള പ്രധാന കാരണമിതാണ്. മറ്റൊന്ന് ബില്ലുകളെല്ലാം അയച്ചാലും ഫയലുകള്‍ അധികൃതര്‍ പരിഗണിക്കുന്നില്ല. പത്തോ പതിനഞ്ചോ പ്രാവശ്യം ഡി.ഡി.ഇ ഓഫീസില്‍ കയറി ഇറങ്ങിയാലെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഫയല്‍ നീങ്ങുകയുള്ളൂ. ശമ്പളം കൂട്ടി എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പക്ഷെ അത് ഇതുവരെ കിട്ടിയിട്ടില്ലെന്ന് മാത്രം.”” അനഘ പറയുന്നു.
കഴിഞ്ഞ വര്‍ഷം ശമ്പള ഫയല്‍ നീക്കുന്നത് വേഗത്തിലാക്കാന്‍ മന്ത്രി വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം വീണ്ടും വൈകുകയാണ് ഉണ്ടായതെന്നും അനഘ പറയുന്നു.
ഡി.ഡി.ഇ ഓഫീസിന്റെ വിശദീകരണം
പ്രതിസന്ധി പരിഹരിക്കുന്നതിനായി മാര്‍ച്ച് 31ന് മുമ്പായി എല്ലാ കോളേജുകളുടെയും ബില്ലുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പെര്‍മനന്റ് ഫാക്കല്‍റ്റിയുടെ അടുത്ത മാസത്തെ ബില്‍ മാറ്റില്ലെന്ന് അറിയിച്ചുകൊണ്ട് നിലവില്‍ കോഴിക്കോട് ഡി.ഡി.ഇ ഓഫീസില്‍ നിന്നും ഒരു സര്‍ക്കുലര്‍ ഇറങ്ങിയിട്ടുണ്ട്. ഡി.ഡി.ഇക്ക് കീഴിലുള്ള 51 കോളേജുകള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
“”ഗസ്റ്റ് അധ്യാപകരുടെ ശമ്പളം കൂട്ടി നല്‍കിയിട്ടുണ്ടായിരുന്നു. ഇക്കാരണത്താല്‍ ശമ്പള ബില്ലുകള്‍ എങ്ങനെ എഴുതണമെന്ന ആശയക്കുഴപ്പം വന്നത് കൊണ്ട് പല ബില്ലുകളും എത്താന്‍ വൈകി. എന്നാല്‍ ഇപ്പോള്‍ 2018-19 (2018 ജൂണില്‍ നിയമിച്ച അധ്യാപകര്‍) അധ്യയന വര്‍ഷത്തെ ശമ്പളം ഏപ്രില്‍ 15നുള്ളില്‍ കൊടുത്ത് തീര്‍ക്കണമെന്ന് സമയ പരിധി വെച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 31നകം ബില്ലുകളും അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പെര്‍മനന്റ് അധ്യാപകരുടെ മാര്‍ച്ച് മാസത്തിലെ ബില്ല് പരിഗണിക്കില്ലെന്ന് കോളേജുകള്‍ക്ക് സന്ദേശമയച്ചിട്ടുണ്ട്.”” കോഴിക്കോട് ഡി.ഡി.ഇ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഗസ്റ്റ് അധ്യാപകര്‍ക്ക് കൊടുക്കേണ്ട പരിഗണന കോളേജ് മാനേജ്മെന്റുകള്‍ നല്‍കുന്നില്ലെന്ന് ഡി.ഡി.ഇ ഓഫീസ് ഉദ്യോഗസ്ഥര്‍ തന്നെ അംഗീകരിക്കുന്നുണ്ട്. ബില്ലുകള്‍ കൃത്യമായി എത്തിക്കാറില്ലെന്നും എത്തിയ ബില്ലുകള്‍ തിരുത്താന്‍ ആവശ്യപ്പെട്ട് അയച്ചാല്‍ സമയബന്ധിതമായി മാനേജ്മെന്റുകള്‍ അത് ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
“പല എയ്ഡഡ് കോളേജ് മാനേജ്മെന്റുകളും കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്. അക്കാദമിക്ക് തലത്തില്‍ നല്ല നിലവാരമൊക്കെ ഉണ്ടാവുമെങ്കിലും ഓഫീസ് അഡ്മിനിസ്ട്രേഷന്‍ പല കോളേജുകളിലും കാര്യക്ഷമമമല്ല”. ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
അതേ സമയം ജീവനക്കാരുടെ കുറവ് അധ്യാപകരുടെ ശമ്പള പ്രതിസന്ധി എളുപ്പത്തില്‍ തീര്‍ക്കുന്നതില്‍ ഡി.ഡി.ഇ ഓഫീസിനെ ബുദ്ധിമുട്ടിലാക്കുന്നുമുണ്ട്.
കോഴിക്കോട് ഡി.ഡി.ഇക്ക് കീഴില്‍ ഇപ്പോള്‍ 51 കോളേജുകളാണുള്ളത്. നേരത്തെ 33 കോളേജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡി.ഡി.ഇ ഓഫീസിലും ഇതിനനുസരിച്ചുള്ള ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോളേജുകള്‍ വര്‍ധിച്ചതനുസരിച്ച് ഡി.ഡി.ഇ ഓഫീസ് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. ഇനിയും രണ്ടോ മൂന്നോ സെക്ഷനുകള്‍ കൂടി അനുവദിച്ചാല്‍ മാത്രമേ ജോലികള്‍ കാര്യക്ഷമമായി കൊണ്ടു പോവാന്‍ പറ്റുകയുള്ളൂ.
അഞ്ച് ജില്ലകളാണ് കോഴിക്കോട് ഡി.ഡി.ഇ ഓഫീസിന് കീഴിലുള്ളത്. കണ്ണൂര്‍ കാസര്‍ഗോഡ്, മലപ്പുറം, വയനാട്, കോഴിക്കോട്. കോഴിക്കോട് മേഖലയില്‍ മാത്രമാണ് ഇത്രയധികം ജില്ലകളുടെ ചുമതല വഹിക്കേണ്ടി വരുന്നത്. മറ്റു ജില്ലകള്‍ക്ക് ഇത്രയധികം ഭാരം വരുന്നില്ല.
അടിക്കടി മേലുദ്യോഗസ്ഥര്‍ മാറുന്നതും ആവശ്യമായ ജീവനക്കാര്‍ ഡി.ഡി.ഇ ഓഫീസുകളില്‍ ഇല്ലാ എന്നതും ജോലികള്‍ പൂര്‍ത്തിയാവുന്നത് വൈകാന്‍ കാരണമാകുന്നുവെന്ന് ഗസ്റ്റ് അധ്യാപകരും പറയുന്നു. ഒരു ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെട്ടാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് മുമ്പ് തന്നെ സ്ഥലം മാറ്റം കിട്ടിപ്പോവുന്ന സ്ഥിതി പലയിടത്തുമുണ്ട്. ഡി.ഡി.ഇ ഓഫീസര്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.
പ്രശ്‌നങ്ങള്‍ തീരാത്ത കേരളത്തിലെ എയ്ഡഡ് ഗസ്റ്റ് അധ്യാപകര്‍
വേതന വര്‍ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഗസ്റ്റ് അധ്യാപകര്‍ രണ്ടാഴ്ചയോളം സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ അധ്യയന വര്‍ഷം തുടക്കത്തില്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്. വേതന പരിഷ്‌കരണം നടപ്പാക്കുന്നതിനോടൊപ്പം ശമ്പളം വൈകുന്നത് പരിഹരിക്കണമെന്നുള്ളതും സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.
ശമ്പളം വൈകുന്ന സാഹചര്യത്തില്‍ താത്ക്കാലിക ആശ്വാസമായി പി.ടി.എയില്‍ നിന്ന് സഹായമോ അഡ്വാന്‍സ് സാലറിയോ നല്‍കേണ്ടതുണ്ടെന്ന് മലപ്പുറത്ത് ഗസ്റ്റ് അധ്യാപകനായ അമിത് പറയുന്നു.
“”ഒരു വര്‍ഷം ജോലി ചെയ്യുക, പിന്നെ മറ്റൊരു വര്‍ഷം ആ ശമ്പളം വാങ്ങിയെടുക്കാന്‍ ഓടേണ്ടി വരിക എന്ന ഗതികേടാണ്. ഇപ്പോള്‍ ശമ്പളത്തെ ക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റുന്നില്ല കഴിഞ്ഞ വര്‍ഷം പാസാവേണ്ട പല ബില്ലുകളും ഈ വര്‍ഷമാണ് പാസായത്.
മറ്റൊരു സ്ഥിര നിയമനം വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ഇതിനിടയിലാണ് ശമ്പളം പോലും ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്നത്. ജോലി പോകും എന്നുള്ളത് കൊണ്ട് ശമ്പളം കിട്ടാത്തടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ ഗസ്റ്റ് അധ്യാപകര്‍ മടിക്കുന്നുമുണ്ട്. മാത്രവുമല്ല പലരും അതേ കോളേജുകളില്‍ സ്ഥിരം ജോലിയ്ക്ക് കയറാന്‍ കാത്തിരിക്കുന്നവരാണ്.”” അമിത് പറയുന്നു.
കേരളത്തിലെ എയ്ഡഡ് കോളേജുകളില്‍ ഒരുപാട് ലക്ചര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇതിലേക്കാണ് കരാറടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നത്. മുവ്വായിരത്തോളം ഗസ്റ്റ് ലക്ചര്‍മാര്‍ ഉണ്ട് എന്ന് പറയുമ്പോള്‍ അത്രയും തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ് എന്നാണ്. സ്ഥിര നിയമനം നടത്തുകയും ചെയ്യുന്നില്ല. അതേസമയം കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരോട് ശമ്പളം വൈകിപ്പിക്കുന്നതടക്കമുള്ള മനുഷ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുകയുമാണ്.
നിലവില്‍ സര്‍ക്കാര്‍ കോളേജുകളിലേക്കുള്ള പി.എസ്.സി നിയമനത്തിനായി 2012 ലെ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് അവസാനം പരീക്ഷ നടന്നത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചത് 2018ലാണ്. അത്രയും വൈകിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല 2012 വരെ യോഗ്യത നേടിയവര്‍ മാത്രമാണ് ഈ പരീക്ഷ എഴുതിയിട്ടുള്ളത്. ഇപ്പോള്‍ ഏഴ് വര്‍ഷത്തോളമായി വലിയൊരു വിഭാഗം അപേക്ഷ വിളിയ്ക്കുന്നത് കാത്ത് നില്‍ക്കുകയാണ്.