ഫലസ്തീനികൾ സുരക്ഷിതരാകാതെ ഇസ്രഈലും സുരക്ഷിതരാകില്ല: ബ്രിട്ടൻ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ
World News
ഫലസ്തീനികൾ സുരക്ഷിതരാകാതെ ഇസ്രഈലും സുരക്ഷിതരാകില്ല: ബ്രിട്ടൻ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th November 2023, 7:51 am

ലണ്ടൻ: ഫലസ്തീനികൾക്ക് പൂർണമായും സുരക്ഷയും സംരക്ഷണവും സ്ഥിരതയും ലഭിക്കാത്തിടത്തോളം ഇസ്രഈലും സുരക്ഷിതമായിരിക്കില്ലെന്ന് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറിയും മുൻ പ്രധാനമന്ത്രിയുമായ ഡേവിഡ് കാമറൂൺ.

തങ്ങൾക്ക് ദീർഘകാലം സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ ഇസ്രഈൽ പെരുമാറണമെന്നും ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ കാമറൂൺ പറഞ്ഞു.

ഇസ്രഈൽ സേന അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണമെന്നും വെസ്റ്റ് ബാങ്കിലെ അധിനിവേശം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഫലസ്തീനികളെ ലക്ഷ്യമിടുന്നതും അവരെ കൊലപ്പെടുത്തുന്നതും ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്താൽ മാത്രം പോരാ.
അവരെ വിചാരണ ചെയ്യുകയും അഴിക്കുള്ളിലാക്കുകയും വേണം. ഇതെല്ലാം കുറ്റകൃത്യങ്ങളാണ്,’ കാമറൂൺ പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ രമള്ളയിൽ സന്ദർശനം നടത്തിയ കാമറൂൺ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ്‌ മഹ്മൂദ് അബ്ബാസ് ഉൾപ്പെടെയുള്ള ഫലസ്തീനി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇസ്രഈലും ഹമാസും തമ്മിലുള്ള ഉടമ്പടി പ്രകാരമുള്ള താത്കാലിക വെടിനിർത്തൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

2010-2016 കാലഘട്ടത്തിൽ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന കാമറൂൺ ഇസ്രഈലിനെ പിന്തുണക്കുന്ന വ്യക്തിയാണെങ്കിലും ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രഈൽ അധിനിവേശത്തെ അദ്ദേഹം എതിർത്തിരുന്നു. ഗസ ഒരു തടങ്കൽ ക്യാമ്പ് ആണെന്നും ഇസ്രഈൽ – ഫലസ്തീൻ പ്രതിസന്ധി പരിഹരിക്കാൻ ദ്വിരാഷ്ട്രം രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: No safety for Israel without safety for Palestinians, UK foreign secretary David Cameron says