തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യാനികളുടെ അട്ടിപ്പേറവകാശമൊന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു. ഇന്ത്യയിലെ കത്തോലിക്കക്കാരുടെ അട്ടിപ്പേറവകാശവും അദ്ദേഹത്തിനില്ലെന്നും റോയ് മാത്യു മീഡിയവണ്ണിലെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഇന്ത്യയിലെ യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ഇപ്പോഴും സഭാ നേതാക്കള്‍ നിലപാടെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കേരളത്തിലെ ക്രിസ്ത്യാനികളുടെ അട്ടിപ്പേറവകാശമൊന്നും ജോര്‍ജ് ആലഞ്ചേരിക്കില്ല. ഇന്ത്യയിലെ കത്തോലിക്കക്കാരുടെ അട്ടിപ്പേറവകാശവും അദ്ദേഹത്തിനില്ല.
ആലഞ്ചേരിയല്ല വോട്ട് കച്ചവടം നടത്തുന്നത്. ഇന്ത്യയിലെ യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ഇപ്പോഴും സഭാ നേതാക്കന്മാര്‍ ഇത്തരം കാര്യങ്ങളില്‍ നിലപാടെടുക്കുന്നത്.
സ്വാതന്ത്ര്യ സമരക്കാലത്ത് കേരളത്തിലെ കത്തോലിക്കാ സഭ എടുത്ത നിലപാട് എന്തായിരുന്നു. സര്‍ സി.പി.യുടെ കൂടെയായിരുന്നു. മാര്‍ത്തോമ സഭയിലെ മെത്രാന്‍ ഒഴികെ എല്ലാവരും സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിന് ഓശാന പാടിയവരാണ്. ബ്രിട്ടീഷ്‌കാര്‍ക്കൊപ്പവും ഗാന്ധിക്കെതിരുമായിരുന്നു.
എവിടെയാണോ അധികാരം അവിടേക്ക് പോകുന്നു എന്നതിന്റെ ഒരു ഉദാഹരണമാണിത്,’ അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ പീഡനം നേരിടുന്ന ക്രൈസ്തവ നേതാക്കളെ ഉദ്ദരിച്ച അദ്ദേഹം ഇവിടെ സ്വര്‍ഗ രാജ്യത്ത് നില്‍ക്കുകയാണെന്നും ആരോപിച്ചു. മദര്‍ തെരേസക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ പറഞ്ഞവരാണ് ആര്‍.എസ്.എസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പക്ഷേ നിങ്ങള്‍ ഈ പറയുന്ന തീരുമാനങ്ങള്‍ ഇന്ത്യയിലെ മറ്റ് കത്തോലിക്കാ പുരോഹിതന്മാര്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നുണ്ടോ. പീറ്റര്‍ മച്ചാര്‍ഡോ, ജബല്‍പൂര്‍ ബിഷപ്പ് തുടങ്ങിയവരൊക്കെ പീഡനം അനുഭവിക്കുകയാണ്.
ഇവരിവിടെ സ്വര്‍ഗരാജ്യത്ത് നില്‍ക്കുകയാണ്. അതുക്കൊണ്ട് ഇവര്‍ക്ക് ഈ വക പ്രശ്‌നങ്ങളൊന്നും ഇല്ല. അവര്‍ക്ക് അതുകൊണ്ട് ബാര്‍ഗെയിന്‍ ചെയ്യാം. ബാര്‍ഗെയ്ന്‍ ചെയ്യുന്നത് ആര്‍ക്ക് വേണ്ടിയാണ്. ഇന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടിയാണോ. അവരും പോപിന് കീഴിലുള്ളവരാണ്. അവരും യേശു ക്രിസ്തുവിനെ രക്ഷിതാവായി അംഗീകരിച്ചവരാണ്.
മദര്‍ തെരേസക്ക് കൊടുത്ത നൊബേല്‍ സമ്മാനവും, ഭാരതരത്‌നവും പിന്‍വലിക്കണമെന്ന് പറഞ്ഞത് ആര്‍.എസ്.എസിന്റെ ദേശീയ അധ്യക്ഷനായ മോഹന്‍ ഭാഗവത് ആണ്. നിങ്ങള്‍ ആ വാദത്തോട് അംഗീകരിക്കുന്നുണ്ടോ,’ റോയ് മാത്യു ചോദിച്ചു.
ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബി.ജെ.പിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ആദ്യ ടേമില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് അവരുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ക്രൈസ്തവ സമൂഹം ചെയ്ത കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
പ്രധാനമന്ത്രി നല്ല നേതാവാണ്. അദ്ദേഹം ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല,’ ആലഞ്ചേരി പറഞ്ഞു.
content highlight: No right of Christian subversion shall be disturbed; Church leaders do not understand the reality in India: Roy Mathew