| Saturday, 1st August 2015, 12:27 pm

കുടിശ്ശിക തീര്‍ക്കാതെ കേരളത്തിനു അരി നല്‍കില്ലെന്ന് ആന്ധ്രയിലെ മില്ലുടമകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്കുള്ള അരിവിതരണം പൂര്‍ണമായും നിര്‍ത്തിവെച്ചു. മൂന്നുവര്‍ഷമായി സര്‍ക്കാര്‍ വരുത്തിയ 100 കോടിയില്‍ അധികം രൂപയുടെ ബാധ്യത തീര്‍ക്കാതെ അരി എത്തിക്കില്ലെന്ന നിലപാടിലാണ് ആന്ധ്രയിലെ മില്ലുടമകള്‍.

കണ്‍സ്യൂമര്‍ ഫെഡ് മാത്രം മില്ലുടമകള്‍ക്കു നല്‍കാനുള്ളത് 100 കോടിയില്‍ അധികം രൂപയാണ്. മറ്റ് സ്വകാര്യ കച്ചവടക്കാരുടെ ബാധ്യത കൂടി കൂട്ടിയാല്‍ തുക 600 കോടി കവിയും. കുടിശ്ശിക തീര്‍ക്കാത്ത സാഹചര്യത്തില്‍ കേരളത്തിലേക്ക് ഇനി അരി അയക്കില്ലെന്ന് ഈസ്‌റ്റോ ഗോദാവരി റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ സംയുക്തമായി തീരുമാനിക്കുകയായിരുന്നു.

ഇതിനു വിരുദ്ധമായി മില്ലുടമകളോ, കച്ചവടക്കാരോ പ്രവര്‍ത്തിച്ചാല്‍ അവരുമായി ഭാവിയില്‍ ഒരിക്കലും സഹകരിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ അസോസിയേഷന്‍. അരിനീക്കം നിലച്ചതിനാല്‍ ആന്ധ്രയിലെ 90% മില്ലുകളും ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് അരിവില വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സപ്ലൈക്കോയില്‍ 30,000 ടണ്‍ അരി സ്‌റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണത്തിന് വിപണിയില്‍ ഇടപെടാന്‍ 60 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അരിമില്‍ ഉടമകള്‍ക്ക് സപ്ലൈക്കോ കുടിശികയൊന്നും തന്നെ നല്‍കാനില്ല. അരിതരില്ലെന്ന മില്ലുടമകളുടെ വാദം ശരിയല്ല. മില്ലുടമകളുടെ ഔദാര്യത്തിലല്ല സപ്ലൈക്കോ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അരി നല്‍കിയില്ലെങ്കില്‍ സപ്ലൈക്കോ ബദല്‍മാര്‍ഗങ്ങള്‍ തേടും. കണ്‍സ്യൂമര്‍ ഫെഡ് കുടിശിക വരുത്തിയതിനു മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അരി നല്‍കില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more