| Friday, 2nd December 2016, 8:38 am

സ്വര്‍ണം കൈവശം വെക്കുന്നതിന് നിയന്ത്രണമില്ലെന്ന് സര്‍ക്കാര്‍; അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്‌സഭ പാസാക്കി രാജ്യസഭയുടെ പരിഗണനയിലുള്ള 2016ലെ നികുതിനിയമ (രണ്ടാം ഭേദഗതി) ബില്‍ സംബന്ധിച്ചാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. 


ന്യൂദല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണം കൈവശം വെക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍.

ലോക്‌സഭ പാസാക്കി രാജ്യസഭയുടെ പരിഗണനയിലുള്ള 2016ലെ നികുതിനിയമ (രണ്ടാം ഭേദഗതി) ബില്‍ സംബന്ധിച്ചാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. സ്വര്‍ണത്തിന് നികുതിചുമത്തുന്നതുമായി ബന്ധപ്പെട്ട് പുതുതായി ഒരു വകുപ്പും ബില്ലിലില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. സ്വര്‍ണം സൂക്ഷിക്കുന്നതോ കണ്ടുകെട്ടുന്നതോ സംബന്ധിച്ച് പുതിയ നിബന്ധനകളൊന്നും സര്‍ക്കാര്‍ ഇറക്കിയിട്ടില്ലെന്നും ധനമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

പരമ്പരാഗതമായി ലഭിച്ചതുള്‍പ്പെടെ എല്ലാ സ്വര്‍ണത്തിനും 75 ശതമാനം നികുതിചുമത്തുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. നിയമപരമായ പണമുപയോഗിച്ച് വാങ്ങിയ സ്വര്‍ണം എത്രതന്നെയുണ്ടെങ്കിലും അത് സുരക്ഷിതമായിരിക്കുമെന്ന് പരിശോധനയില്‍ സ്വര്‍ണം കണ്ടുകെട്ടുന്നത് സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് 1994 മെയ് 11ന് ഇറക്കിയ മാര്‍ഗനിര്‍ദേശം ചൂണ്ടിക്കാട്ടി മന്ത്രാലയം വ്യക്തമാക്കി.

സ്വത്തുനികുതി അടയ്ക്കുന്നവരുടെയും അല്ലാത്തവരുടെയും സ്വര്‍ണം കണ്ടുകെട്ടുന്നതുസംബന്ധിച്ചും ഈ മാര്‍ഗനിര്‍ദേശത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. സ്വത്ത് നികുതിയടയ്ക്കുന്നയാളില്‍ നിന്ന് വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്തിയാല്‍ അതു കണ്ടുകെട്ടാം.

സ്വത്തുനികുതി നല്‍കാത്തവരുടെ കാര്യത്തില്‍ വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം(62.5 പവന്‍), അവിവാഹിതയ്ക്ക് 250 ഗ്രാം (31.25 പവന്‍), പുരുഷന്‍മാര്‍ക്ക് 100 ഗ്രാം (12.5 പവന്‍) എന്നിങ്ങനെ കൈവശംവെയ്ക്കാം. അതില്‍ കൂടുതലുള്ളവയാണ് കണ്ടുകെട്ടുകയെന്ന് 1994ലെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇതില്‍ കൂടുതല്‍ അളവിലുള്ള സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയാല്‍ പോലും കുടുംബത്തിന്റെ ആചാരം, പൈതൃകം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ച് ഇവ കണ്ടുകെട്ടാതിരിക്കാനും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കുമെന്നും പത്രക്കുറിപ്പിലുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more