124എ മരവിപ്പിച്ചിട്ടും ജാമ്യം ലഭിക്കാതെ സിദ്ദീഖ് കാപ്പനും ഷര്‍ജീല്‍ ഇമാമുമടക്കം നിരവധി പേര്‍
national news
124എ മരവിപ്പിച്ചിട്ടും ജാമ്യം ലഭിക്കാതെ സിദ്ദീഖ് കാപ്പനും ഷര്‍ജീല്‍ ഇമാമുമടക്കം നിരവധി പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2022, 5:01 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കരിനിയമം എന്ന് അറിയപ്പെടുന്ന രാജ്യദ്രോഹ നിയമം മരവിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്നിട്ടും ജാമ്യം ലഭിക്കാതെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍. രാജ്യദ്രോഹത്തിനൊപ്പം യു.എ.പി.എ കൂടി ചുമത്തപ്പെട്ടതാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കാത്തതിന്റെ കാരണമാകുന്നതെന്നാണ് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷര്‍ജീല്‍ ഇമാം കോടതിയെ സമീപിച്ചിരുന്നു. വിവാദമായ സി.എ.എ-എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രീം കോടതിയിലെത്തിയ ഇമാമിനോട് വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിക്കുകയും പിന്നാലെ ജാമ്യം ആവശ്യപ്പെട്ട ഇമാം കീഴ്‌ക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

2020 ഒക്‌ടോബര്‍ അഞ്ചിന് ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കാപ്പനെതിരെ പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റവും പിന്നീട് യു.എ.പി.എയും ചുമത്തുകയും ചെയ്തു.

2018, 2019, 2020 വര്‍ഷങ്ങളില്‍ യു.എ.പി.എ പ്രകാരം അറസ്റ്റിലായവരില്‍ 53 ശതമാനവും 30 വയസ്സിന് താഴെയുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുക്കുമുണ്ട്. 2019ല്‍ യു.എ.പി.എയ്ക്ക് കൊണ്ടുവന്ന ഭേദഗതിയിലാണ് നിയമം കൂടുതല്‍ ശക്തമായത്. പുതിയ ഭേദഗതി പ്രകാരം അസോസിയേഷനുകള്‍ക്ക് പുറമെ വ്യക്തികളെയും യു.എ.പി.എ പ്രകാരം തീവ്രവാദികള്‍ എന്ന് മുദ്രകുത്താമെന്ന സ്ഥിവിശേഷം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

2019ലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) v/s സഹൂര്‍ അഹമ്മദ് ഷാ വതാലി യു.എ.പി.എ കേസിലെ സുപ്രീം കോടതി വിധിയിലും ജാമ്യം മറികടക്കാന്‍ കഴിയാത്ത തടസ്സമായി തന്നെ മാറിയിരുന്നു.

സാധാരണയായി തടവിലാക്കപ്പെടുന്ന പ്രതിക്ക് തനിക്കെതിരായ പ്രോസിക്യൂഷന്റെ വാദങ്ങള്‍ ന്യായമല്ലെന്ന് തെളിയിക്കാന്‍ യു.എ.പി.എ സെക്ഷന്‍ 43(5) പ്രകാരം പ്രയാസകരമാണെന്ന് സുപ്രീം കോടതി തന്നെ വിധിയില്‍ പരാമര്‍ശിച്ചിരുന്നതായും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധിപ്പിക്കാന്‍ തെളിവുകള്‍ സഹായിച്ചാല്‍ വ്യക്തിയുടെ ജാമ്യം റദ്ദാക്കാനും ട്രയല്‍ കോടതിക്ക് അവകാശമുണ്ട്.

124എ റദ്ദാക്കിയാലും യു.എ.പി.എ നിയമപ്രകാരം വിചാരണ നേരിടുന്നവര്‍ക്ക് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടതായി വരുന്നുണ്ട്.

ഹരജിക്കാരന്‍ കേസിന്റെ അന്വേഷണം തടസ്സപ്പെടുത്തുകയോ, നീതി വളച്ചൊടിക്കുകയോ, കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ പോലുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കാത്തിടത്തോളം ജയിലല്ല, ജാമ്യമാണ് മാതൃകയെന്ന് രാജസ്ഥാന്‍ v/s ബാല്‍ചന്ദ് എന്ന കേസില്‍ കോടതി നിരീക്ഷിച്ചിരുന്നു.

Content Highlight: No response of bail on people charged under UAPA even after freezing the sedition law