എം.കെ ദാമോദരന്‍ സ്ഥാനമൊഴിയുമെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് പിണറായി
Daily News
എം.കെ ദാമോദരന്‍ സ്ഥാനമൊഴിയുമെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th July 2016, 2:57 pm

pinarayi668

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ ഹാജരായതിനെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എം.കെ ദാമോദരന്‍ സ്ഥാനമൊഴിയുന്നെന്ന വാര്‍ത്തയെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം.കെ ദാമോദരന്‍ ഹാജരായത്.

സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ലോട്ടറി നികുതി വെട്ടിപ്പുമായി നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് എം.കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചത്.

അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടി തടയണമെന്നായിരുന്നു മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി. മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌ക്കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായത്.

ഹര്‍ജിക്കാരന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സിക്കിം സര്‍ക്കാറിലെ ചില ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിക്കിം സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. എന്നാല്‍, കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് സിക്കിം സര്‍ക്കാര്‍ രേഖാമൂലം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദാമോദരന്‍ വാദിച്ചു. നഷ്ടമുണ്ടാകുന്നവരാണ് ഇത്തരം കേസുകളില്‍ പരാതി നല്‍കേണ്ടത്.

കേരള സര്‍ക്കാറിന് ഹര്‍ജിക്കാരന്‍ ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. കേസുകള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗമാണെന്നും ദാമോദരന്‍ വാദിച്ചു. സി.ബി.ഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത പണമിടപാടിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ ജപ്തി നടപടികള്‍ ആരംഭിച്ചത്.