ബി.ജെ.പി ഉള്ളിടത്തോളം മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ല: അമിത് ഷാ
national news
ബി.ജെ.പി ഉള്ളിടത്തോളം മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ല: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2024, 5:21 pm

റാഞ്ചി: ഇന്ത്യയില്‍ ബി.ജെ.പി ഉള്ളിടത്തോളം കാലം മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്‌ലിം സംവരണം ഉറപ്പാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് അമിത് ഷായുടെ പരാമര്‍ശം. ജാര്‍ഖണ്ഡിലെ പയാമുവില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ലെന്നും ഭരണഘടന പ്രകാരം മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ വ്യവസ്ഥ ഇല്ലെന്നും അമിത് ഷാ പറഞ്ഞു.

പത്ത് ശതമാനം സംവരണം മുസ്‌ലിങ്ങള്‍ക്ക് നല്‍കിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം കുറയുമെന്നും ബി.ജെ.പി ഉള്ളിടത്തോളം കാലം ഇതനുവദിക്കില്ലെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

റാലിയില്‍ സംസാരിക്കുകയായിരുന്ന അമിത് ഷാ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

‘കോണ്‍ഗ്രസ് പാര്‍ട്ടി സംവരണത്തെ കുറിച്ച് സംസാരിക്കുന്നു. ഭരണഘടനയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനുള്ള വ്യവസ്ഥയില്ല. ഒരു പ്രത്യേക മതത്തിനും സംവരണം നല്‍കാന്‍ കഴിയില്ല. മഹാരാഷ്ട്രയില്‍ മുസ്‌ലിങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ട് മെമ്മോറാണ്ടം നല്‍കി. കോണ്‍ഗ്രസ് അവരെ സഹായിക്കാമെന്ന് വാക്ക് കൊടുത്തു,’ അമിത് ഷാ പറഞ്ഞു.

മുസ്‌ലിങ്ങള്‍ക്ക് സംവരണം ലഭിച്ചാല്‍ ആരുടെ സംവരണമാണ് കുറയുക എന്നാണ് താന്‍ ചോദിക്കുന്നതെന്നും ദലിത്, ആദിവാസികള്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇതിലൂടെ സംവരണം നഷ്ടപ്പെടുമെന്നും പറഞ്ഞ അമിത് ഷാ കോണ്‍ഗ്രസ് ഒ.ബി.സി വിരുദ്ധരാണെന്നും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ ഭരണം ഒ.ബി.സി വിഭാഗത്തെ സ്ഥിരമായി പ്രതികൂലമായാണ് ബാധിക്കുന്നതെന്നും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കാക്ക കലേക്കര്‍ കമ്മറ്റി റിപ്പോര്‍ട്ടും അതിന് ഉദാഹരണമാണെന്നും അമിത് ഷാ പറഞ്ഞു.

ജാര്‍ഖണ്ഡിലെ ജെ.എം.എം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി സര്‍ക്കാരുകള്‍ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണെന്നും സംസ്ഥാനത്ത് ബി.ജെ.പിയെ അധികാരത്തിലെത്തിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Content Highlight: No reservation for religious minorities as long as BJP exists: Amit Shah