| Monday, 9th December 2024, 8:46 pm

മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം പാടില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംവരണവും പാടില്ലെന്ന് സുപ്രീം കോടതി. ഒ.ബി.സി വര്‍ഗീകരണത്തെ സംബന്ധിച്ചുള്ള ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി 77 മുസ്‌ലിം സമുദായങ്ങളെ ഒ.ബി.സി വിഭാഗത്തിലേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം കൊല്‍ക്കത്ത ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

പിന്നാക്കവിഭാഗ കമ്മീഷന്റെ 1993ലെ നിയമത്തെ മറികടന്നാണ് 2010 ന് ശേഷം എല്ലാ ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകളും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയതെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിലല്ല പട്ടിക തയ്യാറാക്കിയതെന്നും വിവിധ വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയുണ്ടായി.

അതേസമയം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 12 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയതായും വിധി സ്‌റ്റേ ചെയ്യണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു.

ജോലി, സ്‌കോളര്‍ഷിപ്പുകള്‍, പ്രമോഷന്‍, സകൂള്‍ പ്രവേശനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് സംവരണമില്ലാത്തതിനാല്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

സംവരണം മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് നിര്‍ദേശിച്ചു. ജനുവരി ഏഴിന് കേസിനെ സംബന്ധിച്ച കൂടുതല്‍ വാദം കേള്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്തിയതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം സര്‍വേയോ കൃത്യമായ ഡാറ്റയോ ഇല്ലാതെയും പിന്നോക്ക വിഭാഗ കമ്മീഷനെ മറികടന്നുമാണ് സംവരണം കണക്കാക്കിയതെന്നുമാണ് എതിര്‍ഭാഗം അഭിഭാഷകന്‍ എസ്.പട്വാലിയ വാദിച്ചത്.

Content Highlight: No reservation based on religion: Supreme Court

Video Stories

We use cookies to give you the best possible experience. Learn more