തിരുവനന്തപുരം: പി.സി. ജോര്‍ജ്ജിന് മറുപടിയില്ലെന്ന് എം.എം ഹസ്സന്‍. ജോര്‍ജ്ജ് കെ.എം മാണിയുടെ ശത്രുവാണോ മിത്രമാണോ എന്നറിയില്ലെന്നും ശത്രുമിത്രം ആയിട്ടാണ് തോന്നിയിട്ടുള്ളലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരില്‍ ആരോപണം ഉന്നയിച്ച് തന്റെ മഹത്വം വര്‍ധിപ്പിച്ചതിന് നന്ദി പറയുന്നതായും ഹസ്സന്‍ പറഞ്ഞു.
പി.സി ജോര്‍ജ്ജ് ബ്ലോഗിലൂടെ എം.എം ഹസ്സനെ രൂക്ഷമായി പരിഹസിച്ചിരുന്നു. ഹസ്സന്‍ ഉച്ഛിഷ്ട ഭോജിയാണെന്നും രാഷ്ട്രീയത്തില്‍ നഞ്ചുകലക്കി മീന്‍ പിടിക്കുന്നതില്‍ അതി വിദഗ്ധനാണെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. ചാരക്കേസ് മെനഞ്ഞെടുക്കുന്നതില്‍ അന്ന് അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു ഹസ്സന്‍ എന്നും ബ്ലോഗില്‍ പറഞ്ഞിരുന്നു.
ജനങ്ങള്‍ സ്ഥിരമായി സഹിക്കാത്തതുകൊണ്ടാണ് ഹസ്സന്‍ നിയോജകമണ്ഡലങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതെന്നും ഇതുകൊണ്ടാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഇദ്ദേഹത്തെ “ദേശാടനക്കിളി” എന്ന് വിളിക്കുന്നത് എന്നും ബ്ലോഗില്‍ പറയുന്നു.
“പി.സി ജോര്‍ജ്ജാണ് കോഴ വിവാദത്തിന് കാരണം” എന്ന് ഹസ്സന്‍ പറഞ്ഞതിന് മറുപടിയായായിരുന്നു പി.സി ജോര്‍ജ്ജിന്റെ ബ്ലോഗ് പോസ്റ്റ്. ബാര്‍ കോഴ വിവാദത്തില്‍ എ ഗ്രൂപ്പ് നേതാക്കളെ ജോര്‍ജ്ജ് വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ജോര്‍ജ്ജാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന് ഹസ്സന്‍ പറഞ്ഞിരുന്നത്. പേരെടുത്ത് പറയാതെയായിരുന്നു ജോര്‍ജ്ജിന്റെ പരിഹാസം.