തിരുവനന്തപുരം: എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവിറങ്ങി. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമല്ലാതെ നടക്കുന്ന വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.
വിവാഹിതരുടെ മതമോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്ട്രാര്‍മാര്‍ ആവശ്യപ്പെടരുതെന്നാണ് തദ്ദേശഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
മിശ്രവിവാഹിതര്‍ക്ക് വിവാഹ രജിസ്ട്രേഷനുള്ള തടസമാണ് ഇതോടെ നീങ്ങിയത്. വിവാഹത്തിന് തെളിവായി ഗസറ്റഡ് ഓഫീസര്‍, എം.പി, എം.എല്‍.എ, തദ്ദേശസ്ഥാപന അംഗം എന്നിവരില്‍ ആരെങ്കിലും നല്‍കുന്ന പ്രസ്താവന മതി.
അതേസമയം, മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രം, സ്റ്റാറ്റിയൂട്ടറി വ്യവസ്ഥപ്രകാരം നടന്ന വിവാഹങ്ങള്‍ക്ക് വിവാഹ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവ പ്രകാരമുള്ള രജിസ്‌ട്രേഷനും തുടരും.