| Saturday, 10th October 2020, 11:46 am

'സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് മതപഠനം പാടില്ല'; അസമിലെ മദ്രസകളും സംസ്‌കൃത പാഠശാലകളും അടച്ചുപൂട്ടാനൊരുങ്ങി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസകളും സംസ്‌കൃത പാഠശാലകളും അടച്ചുപൂട്ടാനൊരുങ്ങി അസം വിദ്യാഭ്യാസ വകുപ്പ്. അസമിലെ വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

‘നിയമസഭയില്‍ ഇക്കാര്യം നേരത്തേ അറിയിച്ചതാണ്. സര്‍ക്കാര്‍ ഫണ്ടോടുകൂടി മതപഠനം അനുവദിക്കാന്‍ കഴിയില്ല. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മതപഠന കേന്ദ്രങ്ങള്‍ ഈ തീരുമാനത്തിന്റെ പരിധിയില്‍ വരുന്നവയല്ല’- ഹിമന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നവംബറില്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മദ്രസകള്‍ അടച്ചുപൂട്ടുന്നതോടെ ധാരാളം അധ്യാപകര്‍ക്ക് ജോലി നഷ്ടമാകുമെന്ന വിമര്‍ശനമുയരുന്നുണ്ട്.

ഇതിന് പരിഹാരമെന്നോണം ജോലി നഷ്ടപ്പെട്ട കരാര്‍ അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 614 മദ്രസകളും 1000 സംസ്‌കൃത പാഠശാലകളുമാണ് അസമിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംസ്‌കൃത പാഠശാലകള്‍ 100 എണ്ണമാണ്.

വര്‍ഷംതോറും 3 കോടി രൂപയാണ് മദ്രസകളുടെ വികസനത്തിനായി സര്‍ക്കാര്‍ ചെലവാക്കുന്നത്. അതേസമയം സംസ്‌കൃത പാഠശാലകള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ഫണ്ട് ഏകദേശം 1 കോടിയുമാണ്.

അതേസമയം മദ്രസകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

‘ബി.ജെ.പി അധികാരത്തില്‍ വരുമ്പോഴാണ് മദ്രസകള്‍ പൂട്ടുന്നത്. എന്നാല്‍ അത് ഇനി അനുവദിക്കില്ല. അധികാരം പിടിച്ചെടുത്ത് ഞങ്ങള്‍ മദ്രസകള്‍ തുറക്കും’- എ.ഐ.യു.ഡി.എഫ് നേതാവ് ബദറുദ്ദിന്‍ അജ്മല്‍ പറഞ്ഞു.

ഏകദേശം 50 വര്‍ഷത്തെ പാരമ്പര്യമുള്ള മദ്രസകളാണ് സര്‍ക്കാര്‍ അടച്ചൂപൂട്ടാനൊരുങ്ങുന്നത്. അടച്ചൂപൂട്ടിയാലും തങ്ങള്‍ മദ്രസകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നും ബദറുദ്ദിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: No Religious Education With Government Fund Says Assam Minister

We use cookies to give you the best possible experience. Learn more