| Monday, 30th August 2021, 8:58 pm

പറഞ്ഞതില്‍ പശ്ചാത്താപമില്ല, കൂടുതല്‍ കാര്യങ്ങള്‍ നാളെ വാര്‍ത്താസമ്മേളനത്തില്‍; പുറത്താക്കലിന് പിന്നാലെ പ്രശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി പി.എസ്. പ്രശാന്ത്. പ്രതീക്ഷിച്ച നടപടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. നാളെ രാജി പ്രഖ്യാപിക്കാനിരിക്കെയാണ് പുറത്താക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പറഞ്ഞകാര്യങ്ങളില്‍ പശ്ചാത്താപം ഇല്ലെന്നും നാളെ വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും പ്രശാന്ത് പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനാണ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ്. പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

നെടുമങ്ങാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് അറിയിച്ചത്.

ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നെന്നും എന്നാല്‍, തെറ്റുതിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഡി.സി.സി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പി.എസ്.പ്രശാന്ത് വെല്ലുവിളിയുമായി രംഗത്തുവന്നത്.

കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാല്‍ ബി.ജെ.പി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: No regrets, Prashant after the expulsion, Congress Conflicts

We use cookies to give you the best possible experience. Learn more