| Sunday, 20th March 2022, 12:19 pm

ദിലീപിനൊപ്പം സെല്‍ഫിയെടുത്തതില്‍ ഖേദമില്ല; സാധാരണ കാര്യം മാത്രമാണത്: ജെബി മേത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദിലീപിനൊപ്പം സെല്‍ഫിയെടുത്തതില്‍ ഖേദമില്ലെന്ന് കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജെബി ഇക്കാര്യം പറഞ്ഞത്. സാധാരണ ഒരു കാര്യം മാത്രമാണ് താന്‍ ചെയ്തതെന്ന് ജെബി പറഞ്ഞു.

‘ദിലീപിനൊപ്പം സെല്‍ഫിയെടുത്തുവെന്നുള്ളത് സത്യം തന്നെയാണ്. അത് മറച്ചുവെക്കുന്നില്ല. ആലുവ നഗരസഭയുടെ ഗസ്റ്റായിട്ട് വന്നു, ഗസ്റ്റായിട്ട് വന്നപ്പോള്‍ നമ്മള്‍ ഈ മാറിയ സാഹചര്യത്തില്‍, കാലഘട്ടത്തില്‍ ഒരു സാധാരണ കാര്യമായതുകൊണ്ട് സെല്‍ഫിയെടുത്തതില്‍ തെറ്റില്ല. സെല്‍ഫിയെടുത്തതില്‍ എനിക്ക് ദുഖമില്ല.

ആ ഒരു കാര്യത്തിനെ വേറൊരു വിധത്തിലൊന്നും കണ്ടിട്ടില്ല. അന്ന് എല്ലാവരും കൂടിയാണ് ഫോട്ടോ എടുക്കുന്നത്. ഞാന്‍ മാത്രമോണോ സെല്‍ഫിയെടുത്തത്. എന്റെ മാത്രം സെല്‍ഫിയാണ് ഇത്രയും ഫേമസായത്.

കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. രാഷ്ട്രീയ രംഗത്തുള്ളവരും പല കേസുകളിലും പ്രതികള്‍ ആകാറുണ്ട്, അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ട്. പി.ടി. തോമസിനൊപ്പം നടിക്ക് വേണ്ടി പൊതു പരിപാടിയില്‍ പങ്കെടുത്ത ആളാണ് ഞാന്‍, അതിഥികളെ തീരുമാനിക്കുന്നത് ഞാനല്ല,’ ജെബി പറയുന്നു.

രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ജെബി മേത്തറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ദിലീപിനൊപ്പമുള്ള സെല്‍ഫി എടുത്തതിനെ പിന്നിലെ ധാര്‍മികത ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

സഹപ്രവര്‍ത്തകയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കാനായി ക്വട്ടേഷന്‍ കൊടുത്ത നടനെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്റെ എംപി സ്ഥാനാര്‍ത്ഥി എന്നാണ് നവമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ ജെബി മേത്തര്‍ എടുത്ത സെല്‍ഫിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആലുവ നഗരസഭയുടെ വൈസ് ചെയര്‍മാനായ ജെബി മേത്തറും മറ്റ് അംഗങ്ങളും സെല്‍ഫിയിലുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയില്‍ അതിഥിയായി നടി ഭാവന എത്തിയിരുന്നു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വേദിയിലേക്കുള്ള ഭാവനയുടെ കടന്നുവരവ്. വേദിയില്‍ ഭാവന എത്തുന്നതുവരെ മാധ്യമങ്ങള്‍ പോലും ഈ വിവരം അറിഞ്ഞിരുന്നില്ല. ഭാവനയെ ഐ.എഫ്.എഫ്.കെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് പറയുകയാണ് ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്.

എന്നാല്‍ ഇതിന് പിന്നാലെ രഞ്ജിത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപിനെ ജയിലില്‍ പോയി കണ്ട ആള്‍ തന്നെ അതിജീവിതക്കൊപ്പമെന്ന് പറയുന്നു എന്ന തരത്തിലായിരുന്നു വിമര്‍ശനം. ഇതിന് മറുപടിയുമായി രഞ്ജിത്ത് രംഗത്തെത്തിയിരുന്നു.

ദിലീപിനെ ജയിലില്‍ പോയി കാണുക എന്നൊരു ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി അവിടെ എത്തിപ്പെടേണ്ട ഒരു സാഹചര്യം തനിക്കുണ്ടായെന്നുമായിരുന്നു രഞ്ജിത് പറഞ്ഞത്.


Content Highlights: No regrets for taking selfie with Dileep says Jeby Mather

We use cookies to give you the best possible experience. Learn more