ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടോ? ഇല്ലെന്നാണ് ബി.ജെ.പി എം.പിയുടെ അഭിപ്രായം. കാരണം കുര്‍ത്തയും മുണ്ടും ധരിക്കുന്നതിന് പകരം ജനങ്ങള്‍ ഇപ്പോഴും കോട്ടും ജാക്കറ്റുമാണല്ലോ ധരിക്കുന്നത് എന്നാണ് ബി.ജെ.പി എം.പി വീരേന്ദ്രസിംഗിന്റെ വിചിത്രവാദം.
‘ലോകത്തുടനീളം ദല്‍ഹിയിലും മാന്ദ്യത്തെക്കുറിച്ചാണ് ചര്‍ച്ച. ഇവിടെ ഏതെങ്കിലും തരത്തിലുള്ള മാന്ദ്യം ഉണ്ടെങ്കില്‍ നമ്മള്‍ കുര്‍ത്തയും മുണ്ടുമാണ് ധരിക്കേണ്ടത്. അല്ലാതെ കോട്ടും ജാക്കറ്റുമല്ല. ഇവിടെ മാന്ദ്യമുണ്ടായിരുന്നെങ്കില്‍ നമ്മള്‍ തുണികള്‍ വാങ്ങില്ല.’ ഉത്തര്‍പ്രദേശിലെ പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു വിരേന്ദ്ര സിംഗ്.
ഇത് ആദ്യമായല്ല വിരേന്ദ്ര സിംഗ് സാമ്പത്തിക മാന്ദ്യമില്ലെന്ന് കാണിക്കാന്‍ വിചിത്ര വാദങ്ങള്‍ ഉയര്‍ത്തുന്നത്. നേരത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ വളര്‍ച്ചക്കുളള ഉദാഹരണമാണ് ട്രാഫിക് ജാം എന്ന് വിരേന്ദ്രസിംഗ് പറഞ്ഞിരുന്നു.
ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഇടിവുണ്ടെങ്കില്‍ എങ്ങനെയാണ് റോഡുകളില്‍ ട്രാഫിക് ജാം അനുഭവപ്പെടുന്നത്. അവിടെ സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് വരുത്തുകയാണ്. രാജ്യത്തെയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ജനങ്ങള്‍ പറയുന്നതാണ് ഓട്ടോ മൊബൈല്‍മേഖലയില്‍ മാന്ദ്യം നേരിടുന്നുവെന്നത്.’ ഡിസംബര്‍ അഞ്ചിനായിരുന്നു വിരേന്ദ്രസിംഗിന്റെ പരാമര്‍ശം.
അതേസമയം വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ പരിതാപാവസ്ഥയില്‍ ഐ.എം.എഫ് ആശങ്ക പ്രകടിപ്പിക്കുകയും ഉണ്ടായി. നിക്ഷേപവും ഉപഭോഗവും വലിയ രീതിയില്‍ കുറഞ്ഞതും നികുതി വരുമാനം ഇടിഞ്ഞതുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതെന്നാണ് ഐ.എം.എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കൂടാതെ കഴിഞ്ഞ 40 മാസത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നവംബറില്‍ പുറത്തുവന്നിരുന്നു. പച്ചക്കറി, പാചക എണ്ണ തുടങ്ങിയവയിലും വിലക്കയറ്റം പ്രകടമാണ്. നാണയപ്പെരുപ്പം ഉയരുകയും അതേസമയം, സാമ്പത്തിക വളര്‍ച്ചകുറയുകയും ചെയ്യുന്ന അവസ്ഥ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ