ദുബായ്: 2011 ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തില്‍ തെൡവില്ലെന്ന് ഐ.സി.സി. ആരോപണങ്ങള്‍ വ്യക്തമായി പരിശോധിച്ചെന്നും തെളിവില്ലെന്നും ഐ.സി.സി അഴിമതി വിരുദ്ധ സേന ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ പറഞ്ഞു,
അതേസമയം വ്യക്തമായ തെളിവ് വന്നാല്‍ ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും ഐ.സി.സി വ്യക്തമാക്കി.
ശ്രീലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദനന്ദയാണ് ലോകകപ്പ് ഫൈനലില്‍ അട്ടിമറി നടന്നു എന്നാരോപിച്ച് രംഗത്തെത്തിയത്. ആറ് വിക്കറ്റിനാണ് ലോകകപ്പ് ഫൈനലില്‍ ലങ്ക, ഇന്ത്യയോട് പരാജയപ്പെടുന്നത്.
ആദ്യം ബാറ്റ് ചെയ്ത ലങ്ക ജയവര്‍ധനെയുടെ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ 274 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ സെവാഗിനേയും സച്ചിനേയും വേഗത്തില്‍ പുറത്താക്കി ലങ്ക ജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഗംഭീറും ധോണിയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നത്.
ലോകകപ്പ് ശ്രീലങ്ക, ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നെന്നായിരുന്നു മഹിന്ദനന്ദയുടെ ആരോപണം.
സിരാസ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. നേരത്തെ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു.
2010-15 കാലയളവില്‍ ലങ്കന്‍ കായികമന്ത്രിയായിരുന്നു മഹിന്ദനന്ദ. അന്ന് തന്നെ ഇത് സംബന്ധിച്ച സംശയമുണ്ടായിരുന്നെങ്കിലും വേണ്ടെന്ന് കരുതി പറയാതിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.