രാഹുല്‍ ഈശ്വര്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ പേരില്‍ കേസെടുക്കാന്‍ ഒരു ന്യായവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. മറ്റുചിലയാളുകള്‍ പദ്ധതിയിട്ടിരുന്നു എന്നാണദ്ദേഹം പറഞ്ഞത്. പദ്ധതിയിട്ട ആളുകളെ കുറിച്ച് അന്വേഷിക്കാനും അവരുടെ പേരില്‍ നടപടിയെടുക്കുന്നതിനും പകരം രാഹുല്‍ ഈശ്വറിന്റെ മേല്‍ കുതിര കയറുന്നത് നീതീകരിക്കാനാവില്ല. ഇന്ന് ഞായറാഴ്ച രാഹുലിനെ അറസ്റ്റ് ചെയ്തത് ജാമ്യം നിഷേധിക്കുന്നതിന് വേണ്ടിയാണെന്നും കലാപാഹ്വാനം നടത്തിയെന്ന പേരില്‍ കേസെടുത്ത പൊലീസിന്റെ നടപടി മ്ലേച്ഛമാണെന്നും അജയ് തറയില്‍ പറഞ്ഞു.
കേരളത്തിലെ ഭക്തരുടെ ഇടയില്‍ ഭയം ഉണ്ടാക്കി ശബരിമലയിലെ സമരത്തില്‍ പിന്തിരിപ്പിക്കാനുള്ള മോശപ്പെട്ട നടപടിയുടെ ഭാഗമാണ് കേസെന്നും അജയ് തറയില്‍ പറഞ്ഞു.
തിരുവനന്തപുരത്തെ നന്ദാവനത്തില്‍ നിന്നുള്ള ഫ്ളാറ്റില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തത്. കലാപാഹ്വാനം ചെയ്തതെന്ന് ആരോപിച്ച് കൊച്ചി പൊലീസ് കഴിഞ്ഞദിവസം രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തത്.
ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി.യെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
ഈ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിരുന്നു. പ്രഥമദൃഷ്ട്യാ രാഹുല്‍ ഈശ്വറിനെതിരെ തെളിവുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുവരും.