| Monday, 21st March 2022, 3:10 pm

'ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് റീ-എക്‌സാം നടത്തേണ്ട'; പ്രതികാര നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികളെ റീ-എക്‌സാം എഴുതാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍.

പി.യു.സി രണ്ടാം പ്രാക്ടിക്കല്‍ പരീക്ഷകള്‍ ബഹിഷ്‌കരിച്ച പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും പരീക്ഷയ്ക്ക് ഇരിക്കാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം.

2022 ലെ കര്‍ണാടക സെക്കന്റെ് പി.യു.സി.യുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയില്ല. ഈ വിദ്യാര്‍ത്ഥികളെ വീണ്ടും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പരീക്ഷ എഴുതാത്ത പ്രതിഷേധക്കാര്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ ബദല്‍ ഓപ്ഷനുകള്‍ പരിഗണിക്കുന്ന സമയത്താണ് ‘പുനഃപരീക്ഷ വേണ്ട’ എന്ന പ്രഖ്യാപനം വന്നത്. പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആബ്‌സെന്റ് മാര്‍ക്ക് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്സിറ്റി മാനേജ്മെന്റ് നടപടി എടുത്തതിന് പിന്നാലെയാണ് വിവാദം ഉണ്ടാകുന്നത്.

ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളി.

ഇസ്ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

Content Highlights: No re-exam for hijab protestors who ‘missed’ practical exams

We use cookies to give you the best possible experience. Learn more