ഭോപ്പാല്‍: ലൈംഗികാതിക്രമത്തെ സ്ത്രീകള്‍ നേരിടേണ്ടത് കോണ്ടം കൈയില്‍ കരുതിയാണെന്ന സംവിധായകന്‍ ഡാനിയേല്‍ ശ്രാവണിന്റെ പ്രസ്താവനക്ക് പിന്നാലെ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ മന്ത്രി. ടി.വിയുടേയും മൊബൈല്‍ ഫോണിന്റേയും
അമിത ഉപയോഗമാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമെന്നാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവും സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയുമായ ബന്‍വര്‍ലാല്‍ മെഗ്‌വാളിന്റെ പരാമര്‍ശം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘മൊബൈല്‍ ഫോണും ടി.വിയും കണ്ടുപിടിക്കുന്നതിന് മുന്‍പ് രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ ഇല്ലായിരുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗം പുതുതലമുറയെ തെറ്റായ വഴിയിലേക്കാണ് നയിക്കുന്നതെന്നായിരുന്നു’ മന്ത്രിയുടെ പരാമര്‍ശം.
തെലങ്കാനയില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പ്രതികളെ പരസ്യമായി തൂക്കി കൊല്ലണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കള്‍ നേരത്തേയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ദല്‍ഹി കൂട്ട ബലാത്സംഗത്തിന് പിന്നാലെ ചൈനീസ് ഫാസ്റ്റ് ഫുഡുകളാണ് ലൈംഗികാതിക്രമങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ഹരിയാനയിലെ ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞിരുന്നു.
ലൈംഗികാതിക്രമത്തെ സ്ത്രീകള്‍ നേരിടേണ്ടത് കോണ്ടം കൈയില്‍ കരുതിയാണെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സ്ത്രീകള്‍ സഹകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഡാനിയേല്‍ ശ്രാവണിന്റെ പരാമര്‍ശം. ഇത്തരത്തില്‍ ക്രൂരമായ കൊലപാതകങ്ങള്‍ നിയന്ത്രിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ‘അക്രമമില്ലാതെ ബലാത്സംഗത്തെ’ നേരിടുക എന്നത് മാത്രമാണെന്നും ഡാനിയേല്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ