| Thursday, 3rd October 2019, 11:09 pm

'ഞാന്‍ പോകുമോ എന്നൊരു ചോദ്യമില്ല; മന്‍മോഹന്‍ സിങും പോകില്ല ' കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടനത്തിന് പോവില്ലെന്ന് വ്യക്തമാക്കി അമരീന്ദര്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്‌സര്‍: കര്‍താര്‍പുര്‍ ഇടനാഴിയുടെ പ്രവേശന ചടങ്ങിന് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നതെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പോകാനുള്ള ക്ഷണം മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് സ്വീകരിച്ചു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 3 വരെയുള്ള തീയതികളില്‍ നന്‍ഗാന സാഹിബിലേക്ക് തീര്‍ത്ഥാടന യാത്ര പോകാന്‍ തയ്യാറെടുക്കുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതികിട്ടിയതിനുശേഷം പോകുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുരുനാനാക്കിന്റെ 550 ാം ജന്മദിനത്തോടനുബന്ധിച്ച് അതിര്‍ത്തിക്കപ്പുറമുള്ള ചരിത്ര സ്മാരകമായ ഗുരുദ്വാരയില്‍ പോയി പ്രണാമം അര്‍പ്പിക്കുന്നതിനായി പ്രതിനിധിയായി മന്‍മോഹനെ വിളിച്ചു എന്നതാണ് വസ്തുതയെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.

‘ഞാന്‍ പോകുമോ എന്നൊരു ചോദ്യമില്ല (കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടനത്തിന് പാകിസ്ഥാനിലേക്ക് പോകുമോ എന്ന് ). മാത്രമല്ല ഡോ. മന്‍മോഹന്‍ സിങും പോകും എന്ന് ഞാന്‍ കരുതുന്നില്ല.’ അമരീന്ദര്‍ സിങ് എന്‍.ഐ.എ യോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിനിധി സംഘം നവംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യാ ടുഡേ യോട് അമരീന്ദര്‍ വ്യക്തമാക്കി.

നന്‍കാന സാഹിബ് സന്ദര്‍ശിക്കുന്നതിനായി പാകിസ്ഥാന്‍ വിസയുടെ ആവശ്യമൊന്നും ഇല്ലെന്നും പ്രതിനിധി സംഘം പോകുന്നത് തീര്‍ത്ഥാടനത്തിനാണെന്നും നവംബര്‍ ഒന്‍പതിലെ പരിപാടിയുമായി അതിന് ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വ്യക്തമാക്കി.

പാകിസ്ഥാന്‍ അതിര്‍ത്തി തീവ്രവാദം തടയുന്നതു വരെ അവിടേക്ക് പോവില്ലെന്നും പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശമായ പഞ്ചാബ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന പ്രദേശമാണെന്നും അതുകൊണ്ടു തന്നെ അതിര്‍ത്തിയില്‍ തുടര്‍ന്നു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാനിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാനേ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more