ന്യൂദല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ നല്‍കിയ വാര്‍ത്തയില്‍ മാപ്പ് പറയില്ലെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍.
വയറിനെതിരെ ജെയ് ഷാ നല്‍കിയ മാനനഷ്ടകേസിലാണ് മാപ്പ് പറയില്ലെന്ന് മാധ്യമപ്രവര്‍ത്തക രോഹിണി സിംഗും, മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
വാര്‍ത്തയ്ക്കെതിരെ മാനനഷ്ടകേസ് നല്‍കിയ ജെയ് ഷാ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് സ്ഥാപനവും മാധ്യമ പ്രവര്‍ത്തകയും മാപ്പ് പറഞ്ഞാല്‍ മതിയെന്ന നിലപാടിലായിരുന്നു. ഇതിനെതിരെയാണ് ദ വയര്‍ ശക്തമായി തിരിച്ചടിച്ചത്.
മാപ്പ് പറയുന്ന പ്രശ്നമില്ലെന്നും വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നുമാണ് ദ വയറിന്റെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കിയത്.
ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിറ്റുവരവ് 50000 രൂപയില്‍ നിന്ന് ഒറ്റ വര്‍ഷം കൊണ്ട് 80 കോടിയിലേക്ക് ഉയര്‍ന്നുവെന്നായിരുന്നു വയര്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്ത.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18നായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. തുടര്‍ന്ന് വാര്‍ത്ത എഴുതിയ രോഹിണി സിംഗ്, എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജ്, മാനേജിംഗ് എഡിറ്റര്‍ എം.കെ വേണു തുടങ്ങിയവര്‍ക്കെതിരെ ജെയ് ഷാ മാനനഷ്ടത്തിന് കേസ് കൊടുക്കുകയായിരുന്നു.
Read: 100 മരങ്ങള്‍ വെട്ടിനശിപ്പിച്ചു; ഗോള്‍ഫ് ക്ലബ്ബിനെതിരെ ദല്‍ഹി സര്‍ക്കാര്‍ പരാതി നല്‍കി
100 കോടി രൂപയ്ക്കായിരുന്ന ജെയ് ഷാ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് കേസിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച വയറിനും ലേഖികയ്ക്കും സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ക്കും എഡിറ്റര്‍ക്കും എതിരേ മാനനഷ്ടത്തിന് കേസെടുക്കാമെന്ന നിലപാടാണ് കോടതിയും സ്വീകരിച്ചത്.
പിന്നീട് സുപ്രീം കോടതി കേസില്‍ ഇടപെടുകയും നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയുമായിരുന്നു.