ന്യൂദല്‍ഹി: പാര്‍ലമെന്റിലെ ഇരുസഭകളില്‍ നിന്നും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ എം.പിമാരെ സസ്‌പെന്റ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരും ഭരണകക്ഷിയും പ്രവര്‍ത്തിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.
നടപടി നേരിടുന്ന എം.പിമാര്‍ മാപ്പ് പറയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. സംഭവത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശീതകാല സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ നിന്ന് 20 എം.പിമാരെ പുറത്താക്കാനാണ് സര്‍ക്കാര്‍ നീക്കം.
കഴിഞ്ഞ തവണ മണ്‍സൂണ്‍ സമ്മേളനത്തിനിടെ സഭയില്‍ ബഹളം സൃഷ്ടിച്ച 20 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സഭാ നടപടികള്‍ വിശദമായി അന്വേഷിക്കാനും അത്തരം എം.പിമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പ്രത്യേക സമിതി രൂപീകരിക്കാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് ആഗസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ എം.പിമാര്‍ മേശപ്പുറത്ത് നില്‍ക്കുകയും ഗ്ലാസുകള്‍ തകര്‍ക്കുകയും വനിതാ മാര്‍ഷലുകളെ കൈയേറ്റം ചെയ്യുകയും ചെയ്തുകൊണ്ട് പാര്‍ലമെന്റിനെ അനാദരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആഗസ്റ്റ് 11 ന്, പുതിയ നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ നിരവധി പ്രതിപക്ഷ എം.പിമാര്‍ മേശപ്പുറത്ത് കയറി കറുത്ത തുണി വീശി ഫയലുകള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധം അറിയിച്ചിരുന്നു.