ജൂണ്‍ 30 വരെ യു.പിയില്‍ പൊതുവിടങ്ങളില്‍ ഒത്തുകൂടുന്നത് വിലക്കി യോഗി ആദ്യത്യനാഥ്, റമദാനില്‍ വീട്ടില്‍ നിന്ന് പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദ്ദേശം
COVID-19
ജൂണ്‍ 30 വരെ യു.പിയില്‍ പൊതുവിടങ്ങളില്‍ ഒത്തുകൂടുന്നത് വിലക്കി യോഗി ആദ്യത്യനാഥ്, റമദാനില്‍ വീട്ടില്‍ നിന്ന് പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th April 2020, 2:16 pm

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് പൊതുവിടങ്ങളിലെ ഒത്തുകൂടലുകള്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒപ്പം റമദാന്‍ ദിനങ്ങളില്‍ ജനങ്ങള്‍ വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്താനും നിര്‍ദ്ദേശമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത് ‘ ജൂണ്‍ 30 വരെ പൊതുവിടങ്ങളിലെ ഒത്തുകൂടലുകള്‍ തടയാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ എടുക്കും,’

‘റമദാന്‍ മാസം തുടങ്ങിയിരിക്കുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വീട്ടില്‍ തുടരാനും നമസ്‌കാരം ചെയ്യാനുമാണ് എല്ലാ മതനേതാക്കളും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് കാരണമാവുന്ന തരത്തില്‍ ഒരു പരിപാടികളും എവിടെയും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം,’ പ്രസ്താവനയില്‍ പറയുന്നു.

ഒപ്പം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നവരില്‍ കൂടുതലും തബ്ലീബ് ജമാഅത്തുമായി ബന്ധപ്പെട്ടിരിക്കുന്നവരാണെന്നും തബ്ലീബിലെ കൂടുതല്‍ അംഗങ്ങളെ കണ്ടെത്തുകയും പരിശോധന നടത്തുകയും ചെയ്യണമെന്നും യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ 1604 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ലോക്ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. മെയ് മൂന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും എന്ന സൂചന നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ഷോപ്പിങ്ങ് മാളുകള്‍ ഹോട്ട് സ്പോട്ട് മേഖലകളിലെ കടകള്‍ എന്നിവയ്ക്ക് ഇളവുകള്‍ ബാധകമല്ല. നഗരപരിധിയ്ക്ക് പുറത്ത് തുറക്കുന്ന കടകള്‍ പകുതി ജീവനക്കാരെ വെച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.