| Thursday, 7th December 2023, 10:05 pm

'ആരാണ് സവർക്കർക്ക് 'വീർ' എന്ന പേര് നൽകിയത്? ബി.ജെ.പി മറുപടി നൽകൂ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെലഗവി: വീർ സവർക്കർക്ക് ആരാണ് ‘വീർ’ എന്ന വിശേഷണം നൽകിയതെന്ന ചോദ്യം ഉന്നയിച്ച് കർണാടക ഐ.ടി മന്ത്രി പ്രിയാങ്ക് ഖാർഗെ.

സവർക്കറുടെ ഫോട്ടോ നിയമസഭയിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചു. തുടർന്നായിരുന്നു ആദ്യം തന്റെ ചോദ്യങ്ങൾക്ക് ബി.ജെ.പി ഉത്തരം നൽകട്ടെയെന്ന് പ്രിയാങ്ക് പറഞ്ഞത്.

ആരാണ് സവർക്കർക്ക് വീർ എന്ന പേര് നൽകിയതെന്ന് ആർക്കുമറിയില്ലെന്നും ആദ്യം ബി.ജെ.പി അത് വിശദീകരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

സവർക്കറും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പെൻഷൻ ആവശ്യപ്പെട്ട് പല പ്രാവശ്യം ബ്രിട്ടീഷ് സർക്കാരിന് കത്തെഴുതിയിട്ടുണ്ടോ എന്നും പ്രിയാങ്ക് ചോദിച്ചു.

സുഭാഷ് ചന്ദ്ര ബോസ് ബ്രിട്ടീഷുകാരുമായി ചേർന്ന് ഇന്ത്യൻ നാഷണൽ ആർമി രൂപീകരിക്കുമ്പോൾ സവർക്കർ ഇന്ത്യക്കാരോട് ബ്രിട്ടീഷ് ആർമിയിൽ ചേരാൻ ആവശ്യപ്പെട്ടുവെന്നും പ്രിയാങ്ക് പറഞ്ഞു.

താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷം ബി.ജെ.പി നേതാക്കൾക്ക് സവർക്കറെ പ്രകീർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭയിൽ നിന്ന് സവർക്കറുടെ ഫോട്ടോ എടുത്തുമാറ്റാൻ തനിക്കു മുൻപിൽ പ്രൊപോസൽ ലഭിച്ചിട്ടില്ലെന്ന് കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു.
കർണാടകയിലെ സുവർണ വിധാന സൗദയിലെ അസംബ്ലി ഹാളിൽ നിന്ന് ബി.ജെ.പി നേതാവ് സവർക്കറുടെ ഫോട്ടോ കോൺഗ്രസ് സർക്കാർ എടുത്തുമാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ഈ വിഷയത്തിൽ തനിക്ക് മുമ്പിൽ പ്രൊപോസൽ വന്നാൽ നോക്കാമെന്നും സ്പീക്കർ എന്ന നിലയിൽ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും തനിക്ക് ഒരുപോലെ ആണെന്നും ഖാദർ മാധ്യമങ്ങളോട് പറഞ്ഞു.

സവർക്കറുടെ ഫോട്ടോക്ക് പകരം സിദ്ധാരാമയ്യയുടെ സർക്കാർ മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ ഫോട്ടോ സ്ഥാപിക്കുമെന്നും അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

Content Highlight: No proposal to remove Savarkar’s photo from assembly hall: Karnataka Speaker

We use cookies to give you the best possible experience. Learn more