| Wednesday, 9th February 2022, 4:50 pm

മധ്യപ്രദേശില്‍ ഹിജാബ് നിരോധിക്കാന്‍ ഇപ്പോള്‍ നിര്‍ദേശമില്ല: സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തെച്ചൊല്ലി മുസ്‌ലിം പെണ്‍കുട്ടികള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മധ്യപ്രദേശ് സര്‍ക്കാറിന്റെ പ്രസ്താവന.

മധ്യപ്രദേശില്‍ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു വിവാദവുമില്ല. ഹിജാബ് നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

ഹിജാബ് വിഷയത്തില്‍ ഒരുതരത്തിലുള്ള ആശയക്കുഴപ്പവും വിദ്യാര്‍ഥികള്‍ക്ക് വേണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മറ്റൊരു സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്നും കര്‍ണാടക ഹൈക്കോടതിയില്‍ വിഷയത്തില്‍ വാദം നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പാര്‍മര്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണയ്ക്കുകയും ഹിജാബ് നിരോധിക്കണമെന്നും പറഞ്ഞതിന് പിന്നാലെയാണ് മിശ്രയുടെ പ്രതികരണം.

അതേസമയം, താന്‍ ഹിജാബ് വിഷയത്തില്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് പാര്‍മര്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘ഞാന്‍ പറഞ്ഞതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഞങ്ങള്‍ പുതിയ യൂണിഫോം കോഡ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല. യൂണിഫോമിനെ സംബന്ധിച്ച് സ്‌കൂളുകളില്‍ നിലവിലുള്ള സ്ഥിതി തന്നെയായിരിക്കും തുടര്‍ന്നും ഉണ്ടായിരിക്കുക,’ പാര്‍മര്‍ പറഞ്ഞു.

എന്നാല്‍ ഹിജാബ് നിരോധനം സംഭവിച്ചാല്‍ അത് മധ്യപ്രദേശിലും കൊണ്ടുവരും. തങ്ങള്‍ അതിനനുസരിച്ച് നടപടിയെടുക്കുമെന്നും പാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ആറ് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധത്തില്‍ ആരംഭിച്ചത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാണ്ഡ്യ, ശിവമോഗ എന്നിവയുള്‍പ്പെടെ നിരവധി കോളേജുകളില്‍ പ്രതിഷേധമായി മാറി.

ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.

ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.


Content Highlights: No proposal to ban hijab in Madhya Pradesh: Govt

We use cookies to give you the best possible experience. Learn more