ശ്രീരാമന്റെ അസ്ഥിത്വത്തിന് ചരിത്രപരമായ തെളിവുകളില്ല: തമിഴ്‌നാട് മന്ത്രി
NATIONALNEWS
ശ്രീരാമന്റെ അസ്ഥിത്വത്തിന് ചരിത്രപരമായ തെളിവുകളില്ല: തമിഴ്‌നാട് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2024, 1:23 pm

തിരുച്ചി: ശ്രീരാമന്റെ അസ്ഥിത്വത്തിന് ചരിത്രപരമായ തെളിവുകളില്ലെന്ന് തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.ശിവശങ്കർ. കഴിഞ്ഞ ദിവസം ചോള ചക്രവർത്തിയായ രാജേന്ദ്ര ചോളൻ ഒന്നാമന്റെ ചരമ വാർഷികത്തിൽ അരിയല്ലൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാജേന്ദ്ര ചോളന്റെ പാരമ്പര്യം ആഘോഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത എന്തെങ്കിലും ആഘോഷങ്ങളല്ല നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പലരും അത്തരം ആഘോഷങ്ങളിൽ ഭാഗഭാക്കാവാൻ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാജേന്ദ്ര ചോളൻ ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കാൻ അദ്ദേഹം നിർമിച്ച കുളങ്ങളും ക്ഷേത്രങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ പേര് പല ലിപികളിലും പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ രാമൻ ഉണ്ടായിരുന്നു എന്നതിന് തെളിവുകളോ ചരിത്രപരമായ രേഖകളോ ഇല്ല. അവർ അവനെ അവതാരം എന്ന് വിളിക്കുന്നു. ഒരിക്കലും ഒരു അവതാരം ജനിക്കില്ല. നമ്മുടെ യഥാർത്ഥ ചരിത്രം മറക്കാൻ വേണ്ടിയാണ് പലരും മറ്റൊരു ചരിത്രം പെരുപ്പിച്ച് കാണിക്കുന്നത്,’ ശിവശങ്കർ പറഞ്ഞു.

 അദ്ദേഹത്തിനെതിരെ വിമർശനവുമായി തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ.അണ്ണാമലൈ രംഗത്തെത്തിയിട്ടുണ്ട്.

‘ഡി.എം.കെ മന്ത്രിമാരുടെ രാമനെതിരെയുള്ള ആരോപണങ്ങൾ അവരുടെ യഥാർത്ഥ നിറം പുറത്തെത്തിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് ഓർമ്മയില്ലേ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോള രാജവംശത്തിന്റെ അടയാളമായിരുന്ന ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചപ്പോൾ അവർ അതിനും എതിരായിരുന്നു. അവർ സ്വയം അപഹാസ്യരാവുകയാണ്. അവർ ചിന്തിക്കുന്നത് തമിഴ്‌നാടിന്റെ ചരിത്രം ആരംഭിച്ചത് 1967ൽ ആണെന്നാണ്.

ആ പാർട്ടിക്ക് പെട്ടന്ന് സംസ്ഥാനത്തിന്റെ സമ്പന്നമായ ചരിത്രത്തോട് താത്പര്യം വരുന്നത് വിശ്വസനീയമല്ല. എനിക്ക് തോന്നുന്നത് ഡി.എം.കെ മന്ത്രിമാരായ രഘുപതിയും ശിവശങ്കറും രാമഭഗവാന്റെ അസ്ഥിത്വത്തെക്കുറിച്ച്  ഒരു ചർച്ച നടത്തി സമവായത്തിലെത്തുന്നതാണ് നല്ലതെന്നാണ്,’ അണ്ണാമലൈ പറഞ്ഞു.

മുമ്പ് ഡി.എം.കെ മന്ത്രിയായ രഘുപതി ശ്രീരാമനെ ദ്രാവിഡ മാതൃകയുടെ പിൻഗാമിയെന്ന് വിശേഷിപ്പിച്ചിരുന്നു.

 

 

Content Highlight: No proof lord ram existed said by Tamilnadu minister