ചെന്നൈ: 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം മതേതരസര്‍ക്കാരായിരിക്കണം കേന്ദ്രത്തില്‍ അധികാരത്തിലെത്തേണ്ടതെന്നും അതിനുള്ള സഹായം തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ഡി.എം.കെ നേതാവ് എ. രാജ. തങ്ങളുടെ യുദ്ധം മോദി സര്‍ക്കാറിനെതിരെയാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടലിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
“” ഡി.എം.കെയും എ.ഐ.ഡി.എം.കെയും തമ്മിലുള്ള പോരാട്ടത്തിനല്ല തെരഞ്ഞെടുപ്പ് വേദിയാകുന്നത്. അല്ലെങ്കില്‍ എം.കെ സ്റ്റാലിനും ഇ.പി.എസും ഒ.പി.എസും തമ്മിലുള്ള യുദ്ധത്തിനുമല്ല. ഈ തെരഞ്ഞെടുപ്പ് ഡി.എം.കെയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തുറന്ന പോരാട്ടത്തിന്റെ വേദിയാണ്. മോദിയുമായുള്ള തുറന്ന യുദ്ധത്തിനാണ് ഞങ്ങള്‍ ഒരുങ്ങുന്നത്. ഞങ്ങള്‍ക്ക് വേണ്ടത് ഒരു മതേതര സര്‍ക്കാരിനെയാണ്””- ദേശീയമുഖമുള്ള പ്രാദേശികപാര്‍ട്ടിയാണ് ഡി.എം.കെയെന്നും രാജ പറഞ്ഞു.
2019 ന് ശേഷം അധികാരത്തില്‍ വരുന്നത് ബി.ജെ.പിയായിരിക്കില്ല. അന്ന് അധികാരത്തിലിരിക്കുന്ന കേന്ദ്രസര്‍ക്കാരിന് എല്ലാവിധ നിര്‍ദേശങ്ങളും നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും. പ്രധാനമന്ത്രിയേയും പ്രസിഡന്റിന്റേയും തെരഞ്ഞെടുക്കത്തക്ക രീതിയിലുള്ള സ്വാധീനം അന്ന് ഞങ്ങള്‍ക്കുണ്ടാകും. ഞങ്ങള്‍ സംസ്ഥാനത്തിന്റെ താത്പര്യത്തോട് ഒതുങ്ങിനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇനി ഇന്ത്യയില്‍ ഉണ്ടാകേണ്ടത് ഒരു മതേതര സര്‍ക്കാര്‍ ആയിരിക്കണം. അത്തരത്തിലൊരു സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കഴിയാവുന്നതെല്ലാം ഞങ്ങള്‍ ചെയ്യും.
“” ബി.ജെ.പി ഇന്ന് ശക്തരാണ്. അവരുടെ കയ്യില്‍ പണമുണ്ട്. അധികാരമുണ്ട്. അവര്‍ക്ക് രാജ്യത്തുടനീളം മുഖ്യമന്ത്രിമാരുണ്ട്. അതുകൊണ്ട് കേന്ദ്രത്തില്‍ അവരെ താഴെയിറക്കാന്‍ നമ്മള്‍ ശക്തമായ ഒരു സഖ്യം ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതേസമയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുക അത്ര എളുപ്പമായിരിക്കില്ലെന്നും രാജ പറയുന്നു.”” രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ല. എന്നാല്‍ 40 സീറ്റുകളിലെങ്കിലും മത്സരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. 35 സീറ്റെങ്കിലും ലഭിച്ചേതീരൂ. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നേതാക്കള്‍ ഇരുന്ന് കൂടിയാലോചിക്കണം”” രാജ പറഞ്ഞു.
അതേസമയം നിലവിലെ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് വിധേയരായാണ് പ്രവര്‍ത്തിക്കുന്നതെന്നും ജയലളിത മുഖ്യമന്ത്രിയായ സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ കൃത്യമായി ചോദ്യം ചെയ്തിരുന്നെന്നും രാജ പറഞ്ഞു. ജയലളിതയുമായി ഞങ്ങള്‍ക്ക് രാഷ്ട്രീയമായി വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രത്തിന് അടിയറവുവെക്കാന്‍ അവര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ന് ഇ.പി.എസും ഒ.പി.എസും കേന്ദ്രസര്‍ക്കാരിന്റെ അടിമകളായി പ്രവര്‍ത്തിക്കുകയാണ്. ഈയൊരു അവസ്ഥയില്‍ എങ്ങനെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുകയെന്നും എച്ച് രാജ ചോദിച്ചു.