| Monday, 20th May 2019, 7:50 pm

ഒരു കുഴപ്പവുമില്ല, ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാര്‍; ബി.ജെ.പിക്ക് മറുപടിയുമായി കമല്‍ നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്. നേരത്തെ കമല്‍ നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്കു കത്തയച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘അവര്‍(ബി.ജെ.പി) ഒന്നാം ദിവസം മുതല്‍ ഇതിന് ശ്രമിക്കുന്നു. കഴിഞ്ഞ മാസങ്ങളിലായി നാലു വട്ടമാണ് ഭൂരിപക്ഷം തെളിയിച്ചത്. അവര്‍ക്കത് ഇനിയും വേണമെന്നുണ്ടോ, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. സ്വയം രക്ഷപ്പെടാനായി അവര്‍ നിലവിലെ സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണ്’- കമല്‍ നാഥ് പറഞ്ഞതായി എ.എന്‍.െഎ റിപ്പോര്‍ട്ടു ചെയ്യുന്നു.

കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ഗോപാല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. താന്‍ കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്നും പക്ഷേ ഇതാണ് ആ സമയമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ അധികാരം നിലനിര്‍ത്തുമെന്ന തരത്തില്‍ വ്യാപകമായി എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ബി.ജെ.പി നീക്കം. കഴിഞ്ഞ 15 വര്‍ഷം സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബി.ജെ.പിയെ കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് താഴെയിറക്കിയത്.

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 113 സീറ്റാണ്. ബി.എസ്.പിയുടെ രണ്ടും എസ്.പിയും ഒന്നും നാല് സ്വതന്ത്രരും ഉള്‍പ്പെടെ 120 അംഗങ്ങളുടെ പിന്തുണ കമല്‍ നാഥ് സര്‍ക്കാരിനുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. അതേസമയം പ്രതിപക്ഷകക്ഷിയായ ബി.ജെ.പിക്ക് 109 സീറ്റാണുള്ളത്. ഏഴംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാം.

2013-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. തുടര്‍ച്ചയായി അധികാരത്തിലേറിയ മൂന്നുവട്ടവും ശിവ്രാജ് സിങ് ചൗഹാനായിരുന്നു മുഖ്യമന്ത്രി.

Latest Stories

We use cookies to give you the best possible experience. Learn more