ഗസ: ഗസയിലെ ഇസ്രഈലി ആക്രമണത്തെ തുടർന്ന് ശുചീകരിക്കാൻ മാർഗങ്ങളില്ലാതെ ആർത്തവം മാറ്റിവെക്കുന്ന മരുന്നുകൾ കഴിക്കാൻ നിർബന്ധിതരായി ഗസയിലെ സ്ത്രീകൾ.
പലായനം, തിങ്ങിനിറഞ്ഞ ജീവിത സാഹചര്യം, വെള്ളത്തിന്റെ അഭാവം, സാനിറ്ററി പാഡുകളുടെ ദൗർലഭ്യം എന്നിവയെ തുടർന്ന് സ്ത്രീകൾ വ്യാപകമായി നോറെത്തിസ്റ്ററോൻ ഗുളികകൾ കഴിക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അമിതമായ ആർത്തവ രക്‌തസ്രാവം, എൻഡോമെട്രിയോസിസ്, വേദനാജനകമായ ആർത്തവം എന്നിങ്ങനെയുള്ള അവസ്ഥകളിൽ അസ്വസ്ഥതയും വേദനയും ഒഴിവാക്കുന്നതിനാണ് സാധാരണ ഈ ഗുളികകൾ കഴിക്കുന്നത്.
ക്രമരഹിതമായ യോനി രക്‌തസ്രാവം, ആർത്തവചക്രത്തിലെ മാറ്റങ്ങൾ, തലകറക്കം പോലുള്ള ദൂഷ്യഫലങ്ങൾ ഈ ഗുളികകൾക്കുണ്ടാകും. എന്നാൽ ഇസ്രഈലിന്റെ തുടർച്ചയായ ആക്രമണം നടന്നുകൊണ്ടിരിക്കെ ഈ ഗുളികകൾ കഴിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നാണ് സ്ത്രീകൾ പറയുന്നത്.
ഭയം, ഡിപ്രഷൻ എന്നിവ കാരണം പലർക്കും ആർത്തവത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
മാസത്തിൽ രണ്ട് തവണ അമിത രക്തസ്രാവത്തോടെ തനിക്ക് ആർത്തവം ഉണ്ടായതായി 41കാരിയായ സൽമയെ ഉദ്ധരിച്ചുകൊണ്ട് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഫാർമസികളിൽ ആവശ്യത്തിന് സാനിറ്ററി പാഡുകൾ ഇല്ലാത്തതും ഇത്തരം ഗുളികകൾ ലഭ്യമാണെന്നതും സ്ത്രീകളെ ആർത്തവ നിരോധന ഗുളികകൾ കഴിക്കാൻ പ്രേരിപ്പിക്കുന്നു.
ശുചിമുറികളിൽ വെള്ളം ലഭിക്കാത്തതും ക്യാമ്പുകളിൽ സ്വകാര്യത ഇല്ലാത്തതുമെല്ലാം സ്ത്രീകളുടെ അവസ്ഥ കൂടുതൽ സങ്കീർണമാക്കി മാറ്റുകയാണ്.
Content highlight: No privacy, no water: Gaza women use period-delaying pills amid war