കള്ളക്കേസുകളോ വ്യാജരേഖകളോ ഉണ്ടാക്കുന്ന പൊലീസുകാരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല: സുപ്രീം കോടതി
national news
കള്ളക്കേസുകളോ വ്യാജരേഖകളോ ഉണ്ടാക്കുന്ന പൊലീസുകാരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2024, 8:07 am

ന്യൂദല്‍ഹി: വ്യക്തികള്‍ക്കുമേല്‍ വ്യാജ തെളിവുകളോ കള്ളക്കേസുകളോ ചുമത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇത്തരം അധികാര ദുര്‍വിനിയോഗം അവരുടെ ചുമതലയുടെ ഭാഗമായി കാണാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ജെ.ബി. പര്‍ദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ജനങ്ങളെ സേവിക്കേണ്ടവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ വ്യാജ രേഖ ചമച്ച ഉദ്യോഗസ്ഥനെതിരെയുള്ള ഹരജിയുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത് കൊണ്ടുതന്നെ ക്രിമിനല്‍ നിയമത്തിലെ 197ാം വകുപ്പ് പ്രകാരം അനുമതി ഇല്ലാതെ തങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന ഉദ്യോഗസ്ഥരുടെ ആവശ്യം വിലപോകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥനെതിരെ കള്ളകേസ് ഫയല്‍ ചെയ്തുവെന്ന ആരോപണം ഉയരുമ്പോള്‍ സി. ആര്‍.പി.സി 197ാം വകുപ്പ് പ്രകാരം വിചാരണ നേരിടാന്‍ അനുമതി വേണമെന്ന് പറയാന്‍ കഴിയില്ലെന്നും ഇത് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക പദവിയുടെ കീഴില്‍ വരില്ലെന്നും കോടതി പറയുകയുണ്ടായി.

നിയമം അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത് അധികാര ദുര്‍വിനിയോഗമാണ്. കുറ്റാരോപിതനായ വ്യക്തിയെ നിയമവിരുദ്ധമായി തടങ്കലില്‍ വെക്കുന്നതും കെട്ടിച്ചമച്ച രേഖകള്‍ സൃഷ്ടിക്കുന്നതും കുറ്റകരവും ഉദ്യോഗസ്ഥന് നിയമപരിരക്ഷ ലഭിക്കാത്ത കാര്യവുമാണ്. ഇത്തരം കേസുകളില്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല, കോടതി വ്യക്തമാക്കി.

Content Highlight: No prior permission required to prosecute cops who make false cases or fake documents: Supreme Court