മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ “റെയിന്‍കോട്ട്” പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ രാജ്യസഭ ബഹിഷ്‌കരിച്ചിരുന്നു. കോണ്‍ഗ്രസിന്റേത് അമിത പ്രതികരണമായിരുന്നെങ്കിലും മോദിയുടെ പരാമര്‍ശം തരം താണതായിരുന്നു.
മന്‍മോഹന്‍ സിങ് വ്യക്തിപരമായി അഴിമതിയുടെ ഭാഗമായെന്നതിന് യാതൊരു തെളിവും നല്‍കാതെ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ് മോദി ചെയ്തത്.
അധികാരത്തിലിരിക്കെ യു.പി.എ സര്‍ക്കാരിലെ അഴിമതിയുടെ പേരില്‍ മന്‍മോഹന്‍ സിങ്ങിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പക്ഷെ അധികാരത്തിന്റെ സുഖസൗകര്യത്തില്‍ ഇതെല്ലാം മന്‍മോഹന്‍ അവഗണിക്കുകയായിരുന്നു. പക്ഷെ അഴിമതിയെന്ന ചളിക്ക് പകരം വെള്ളം ഉപയോഗിച്ച് അഴിമതിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചു. വ്യക്തിപരമായി ക്ലീന്‍ഇമേജ് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഇത് ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും പരാജയപ്പെട്ടിട്ടില്ല.
കോണ്‍ഗ്രസിലെ അഴിമതിക്കറ പുരണ്ട നേതാക്കള്‍ മന്‍മോഹന്‍ സിങ്ങിനെ ഒരു മഴക്കോട്ടായി നിര്‍ത്തി തങ്ങളുടെ കുറ്റങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടാകാം. എന്നാല്‍ മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ പരാമര്‍ശം അതിനുമപ്പുറമാണ്.
ഇത്തരമൊരു പരാമര്‍ശം നടത്താന്‍ മോദിയെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് നോട്ടുനിരോധനത്തെ അപലപിച്ചുള്ള മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗമാണ്. മന്‍മോഹന്‍ സിങ്ങിനെ തിരിച്ചടിക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു മോദിയെന്ന് വേണം പറയാന്‍. “സംഘടിത കൊള്ള”, “കവര്‍ച്ച” എന്നിങ്ങനെ ശക്തമായ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനം. അവഹേളനപരമല്ലെങ്കിലും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം മോദിക്ക് കൊണ്ടു.
നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ശക്തമായ രാഷ്ട്രീയ മത്സരവും മോദിയുടെ “മഴക്കോട്ട്” പരാമര്‍ശത്തിന് കാരണമായിരിക്കാം. കാരണം മോദി പ്രതീക്ഷിക്കാത്ത രൂപത്തിലാണ് നോട്ടുനിരോധന തീരുമാനം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. ദല്‍ഹി, ബീഹാര്‍ പരാജയങ്ങള്‍ക്ക് ശേഷം മോദിയെ സംബന്ധിച്ചെടുത്തോളം ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ആത്മാഭിമാന പ്രശ്‌നമാണ്. പ്രതിസന്ധിയിലാകുമ്പോള്‍ നാവിന് മേല്‍ നിയന്ത്രണം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്.
മോദി സര്‍ക്കാരിന്റെ ആയുസിന്റെ പകുതി പിന്നിടുമ്പോള്‍ മുന്നോട്ടു വെച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. സ്വപ്‌നപദ്ധതികളായി അവതരിപ്പിച്ചവയെല്ലാം അടിസ്ഥാനമില്ലാത്തതായതിനാല്‍ ബജറ്റില്‍ പോലും സ്ഥാനം പിടിക്കാനായില്ല.
തൊഴിലുറപ്പ്, കള്ളപ്പണം തിരിച്ചെത്തിക്കല്‍, “മെയ്ക്ക് ഇന്‍ ഇന്ത്യ”, സ്മാര്‍ട്ട് സിറ്റി, ബുള്ളറ്റ് ട്രെയിന്‍, നദീസംയോജനം തുടങ്ങിയ പദ്ധതികളെല്ലാം പേപ്പറില്‍ തന്നെ കിടക്കുകയാണ്. ഒരു പക്ഷെ ഗംഗാ ശുദ്ധീകരണത്തിന്റെ പേരില്‍ മോദി നടത്തുന്ന കബളിപ്പിക്കല്‍ വരാണസിയിലെ സ്വന്തം സീറ്റ് നിലനിര്‍ത്താന്‍ മോദിയെ സഹായിച്ചേക്കാം.
മോദി എത്ര ആത്മവിശ്വാസം നടിച്ചിട്ടും ചാനലുകളെ കൊണ്ട് പെയ്ഡ് സര്‍വ്വെ നടത്തിച്ച് നോട്ടുനിരോധനം വിപ്ലവകരമാണെന്ന് പറയിച്ചിട്ടും കാര്യമില്ല, യു.പിയിലെയും പഞ്ചാബിലെയുമടക്കം ജനങ്ങള്‍ രോഷാകുലരാണെന്നാണ് ഈ സ്ഥലങ്ങളില്‍ പോയപ്പോള്‍ എനിക്ക് മനസിലായത്.
വോട്ടു ചെയ്യുന്ന ജനങ്ങളെ വെറുപ്പിച്ചാല്‍ വോട്ടുചെയ്തു തന്നെ അവര്‍ പ്രതികാരം തീര്‍ക്കും. അവിടെ ജാതിസമവാക്യങ്ങളോ വര്‍ഗീയ ധ്രുവീകരണമോ ഒന്നും തന്നെ തടസമാവില്ല.
ക്യാംപെയിന്‍ മോഡിലായാല്‍ മോദിയുടെ വാചോടോപം അക്രമണോത്സുകവും പരിഹാസവുമാകും. ഇത്തരത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അക്രമിച്ചതിലൂടെ മോദി അഭിസംബോധന ചെയ്തത് പാര്‍ലമെന്റിനെയായിരുന്നില്ല മറിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയായിരുന്നു. പാര്‍ലെമന്റിലെ പ്രസംഗത്തിന് ശേഷം മോദിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ബി.ജെ.പി ഐ.ടി സെല്‍ സോഷ്യല്‍മീഡിയ വഴി എല്ലാ മണ്ഡലങ്ങളിലേക്കും എത്തിക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ അഴിമതി ചൂണ്ടിക്കാണിച്ചും “അച്ഛേ ദിന്‍” വാഗ്ദാനം ചെയ്തുമാണ് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദി ജയിച്ചത്. ഇപ്പോള്‍ നോട്ടുനിരോധനത്തെ ന്യായീകരിക്കുന്നതും മന്‍മോഹന്‍ സിങ്ങിനെ ആക്രമിക്കുന്നതും ഇതേ തന്ത്രം ഉപയോഗിച്ചാണ്.
മോദിയുടെ ഭാഷയെ കുറിച്ച് പറയുകയാണെങ്കില്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്ത് നേതാക്കള്‍ മോശം പരാമര്‍ശം നടത്തുന്നത് ഇതാദ്യമല്ല. പ്രതിയോഗികള്‍ക്കെതിരെ രാഷ്ട്രീയ നേതാക്കള്‍ പലപ്പോഴായി മോശം ഭാഷ ഉപയോഗിച്ചിട്ടുണ്ട്. സോണിയയും രാഹുലുമൊന്നും ഭാഷാപരമായി അത്ര അച്ചടക്കമുള്ളവരല്ല.
ശശി തരൂരിന്റെ ഭാര്യയെ “50 കോടിയുടെ കാമുകി” എന്നു വിശേഷിപ്പിച്ച മോദി തെരഞ്ഞെടുപ്പ് റാലികളില്‍ പറഞ്ഞവ കാര്യമായെടുക്കേണ്ടതില്ലെന്ന് ചേര്‍ക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായും പറഞ്ഞത് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും “ജുംല” മാത്രമാണെന്നാണ്.
രാജ്യത്തിന്റെ ഉന്നത പദവിയിലിരിക്കുന്ന മോദിയെ പോലൊരാള്‍ മോശം ഭാഷ പ്രയോഗിക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത അധപതനമാണ് സൂചകമാവുന്നത്. ഒരു പ്രധാനമന്ത്രിയും ഇത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല. വാജ്‌പേയി പോലും.
കടപ്പാട്: ദ വയര്‍