ന്യദല്‍ഹി: കൊവിഡ് 19 കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള വാക്‌പോരില്‍ നിലപാട് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിരോധ കുത്തിവെപ്പിനെച്ചൊല്ലി കേന്ദ്ര ആരോഗ്യ മന്ത്രാലയവും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള വാക്‌പോര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ കുറ്റപ്പെടുത്തലുകള്‍ നടത്തേണ്ട സമയമല്ല ഇതെന്ന് മോദി പറഞ്ഞത്.
കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടാന്‍ തുടങ്ങിയപ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഒരുതരം മത്സരം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ഈ സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധം ഒട്ടും മികച്ചതായിരുന്നില്ല, അതുകൊണ്ടാണ് ഇത്രയും കേസുകള്‍ ഉയര്‍ന്നത്, ആ സംസ്ഥാനം വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. അങ്ങനെ വിവിധ സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുന്നത് ഒരു ഫാഷനായി മാറി.
കേസുകളുടെ എണ്ണം കൂടുന്നതില്‍ നിങ്ങള്‍ അങ്ങനെ വിഷമിക്കേണ്ടതില്ലെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നത് നിങ്ങളുടെ പ്രകടനം മോശമായതുകൊണ്ടാണെന്ന് കരുതേണ്ടതില്ല. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും നിങ്ങളുടെ മുകളിലില്ല.
നിങ്ങള്‍ പരിശോധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ മോശമായി പ്രവര്‍ത്തിക്കുന്നുവെന്നല്ല. നിങ്ങള്‍ കൂടുതല്‍ പരിശോധന നടത്തിയാല്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാകും,’ മോദി പറഞ്ഞു.
കൊവിഡിനെതിരെ പോരാടുന്നതിനുള്ള ഏക മാര്‍ഗ്ഗം ടെസ്റ്റിംഗാണ്. 70 ശതമാനം വരെ ആയി ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് നിരക്ക് ഉയര്‍ത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. ടെസ്റ്റുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരില്‍ നിന്നും അലംഭാവം ഉണ്ടാകുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. അലസമായി ഇതിനെ കൈകാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ ശരിയായ ഫലങ്ങള്‍ ലഭിക്കില്ല, മോദി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 59,907 കേസുകളാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3.17 ലക്ഷമായി.
അതിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ സ്റ്റോക്കുകള്‍ തീര്‍ന്നുപോയെന്നും വാക്‌സിനുകള്‍ ഉടന്‍ എത്തിച്ചില്ലെങ്കില്‍ വാക്‌സിനേഷന്‍ പ്രോഗ്രാം നിര്‍ത്തേണ്ടി വരുമെന്നും മഹാരാഷ്ട്ര അറിയിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതോടെ അതില്‍ നിന്നും ശ്രദ്ധതിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വേണ്ടിയാണ് വാക്‌സിന്റെ പേരില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഈ പ്രസ്താവന കടുത്ത വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.
ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഈ മനോഭാവം കൊവിഡിനോട് പോരാടുന്ന രാജ്യത്തിന്റെ മുഴുവന്‍ ശ്രമത്തേയും ബാധിച്ചെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞിരുന്നു.
മറ്റ് രണ്ട് പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളായ പഞ്ചാബ്, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളുടെ കൊവിഡ് പ്രതിരോധ രീതിയേയും മന്ത്രി വിമര്‍ശിച്ചിരുന്നു.
ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്ര. കഴിഞ്ഞ മാസം മുംബൈയിലെ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ മേധാവി ഇക്ബാല്‍ ചഹാല്‍ കൂടുതല്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് സംസ്ഥാനമെന്ന് അറിയിച്ചിരുന്നു.
‘ഇപ്പോള്‍ ഞങ്ങള്‍ 25,000 ത്തിലധികം ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്താന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു, പക്ഷേ അതിനുള്ള സൗകര്യങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കുന്നില്ല,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക