ഇന്ത്യ-ചൈനാ സംഘര്‍ഷത്തില്‍ അന്തിമഫലത്തില്‍ ഉറപ്പില്ല; ലോകത്തിലെ ഒരു ശക്തിക്കും ഒരിഞ്ച് ഭൂമിപോലും നല്‍കില്ലെന്നും രാജ്‌നാഥ് സിംഗ്
national news
ഇന്ത്യ-ചൈനാ സംഘര്‍ഷത്തില്‍ അന്തിമഫലത്തില്‍ ഉറപ്പില്ല; ലോകത്തിലെ ഒരു ശക്തിക്കും ഒരിഞ്ച് ഭൂമിപോലും നല്‍കില്ലെന്നും രാജ്‌നാഥ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2020, 5:18 pm

ന്യദല്‍ഹി: ലോകത്തെ ഒരു ശക്തിക്കും ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം എത്രത്തോളം പരിഹരിക്കാന്‍ കഴിയുമെന്ന് ഉറപ്പ് നല്‍കാന്‍ സാധിക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപമുള്ള ലുകുങ് പോസ്റ്റില്‍ ഇന്ത്യന്‍ ആര്‍മി, ഐ.ടി.ബി.പി ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംവദിക്കുമ്പോഴാണ് രാജ്‌നാഥ് സിംഗിന്റെ പരമാര്‍ശം.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ലഡാക്ക്, ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാജ്നാഥ് സിംഗ് പറഞ്ഞു. സംഭാഷണത്തിലൂടെ ചൈനയുമായുള്ള പോരാട്ടത്തിന് പരിഹാരം കാണുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിക്കുമ്പോള്‍, അന്തിമഫലത്തിന് യാതൊരു ഉറപ്പുമില്ലെന്നും സിംഗ് പറഞ്ഞു.

ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യ ഒരിഞ്ച് ഭൂമി നല്‍കില്ലെന്ന് പറഞ്ഞ സിംഗ് ഭാവിയില്‍ എന്തെങ്കിലും ആക്രമണം തുടരുകയാണെങ്കിലോ ഏതെങ്കിലും രാജ്യം ഇന്ത്യന്‍ പ്രദേശം പിടിച്ചെടുക്കാന്‍ ശ്രമിച്ചാലോ ഇന്ത്യ പ്രതികരിക്കുമെന്നും പറഞ്ഞു.

”ഇത് എത്രത്തോളം പരിഹരിക്കാനാകുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയില്ല, പക്ഷേ നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ലോകത്തിലെ ഏത് ശക്തിക്കും അപഹരിക്കാനാവില്ല എന്ന് എനിക്ക് ഉറപ്പുനല്‍കാന്‍ കഴിയും, ” ഇന്ത്യന്‍ കരസേനാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സിംഗ് പറഞ്ഞു.

അതേസമയം, മോദി സര്‍ക്കാര്‍ കഴിഞ്ഞ ആറുവര്‍ഷങ്ങളിലായി സ്വീകരിച്ച നയങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സമീപ കാലങ്ങളിലായി ചൈന ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നതിന്റെ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു.

‘ചൈനയെ ഇത്രകണ്ട് അക്രമോത്സുകരാക്കാന്‍ പ്രേരിപ്പിച്ച ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ കാര്യമെന്താണ്? ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിനെതിരെ ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നതിലേക്ക് ചൈനയെ നയിച്ച ആ നിമിഷമേതാണ്?’, അദ്ദേഹം വീഡിയോയില്‍ ചോദിച്ചു.

ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന അതിര്‍ത്തി തര്‍ക്കത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ചൈനയ്‌ക്കെതിരെ വന്‍പ്രതിഷേധമാണ് ഇന്ത്യയില്‍ ഉയര്‍ന്നുവന്നത്. അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനയുടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ