ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനുള്ള പ്രമേയം നിയമസഭ പാസാക്കിയതില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും എന്നാല്‍ ലോകത്തിലെ ഒരു ശക്തിക്കും അതിന് സാധിക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ധൂലെയിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
‘കോണ്‍ഗ്രസിനും ഇന്‍ഡി അലയന്‍സിനും കശ്മീരില്‍ ഭരണം കിട്ടിയ സ്ഥിതിക്ക് അവര്‍ കശ്മീരിനെതിരെ അഭ്യൂഹങ്ങള്‍ മെനയുകയാണ്. അതിന്റെ ഫലം മഹാരാഷ്ട്രയില്‍ അവര്‍ക്ക് ലഭിക്കും. മഹാരാഷ്ട്രയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ ഈ ഗൂഢാലോചന മനസിലാക്കണം. ഈ രാജ്യം ഒരിക്കലും ആര്‍ട്ടിക്കിള്‍ 370നെ അംഗീകരിക്കില്ല. മോദി ഉള്ളിടത്തോളം കാലം കോണ്‍ഗ്രസിന് കശ്മീരില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവിടെ അംബേദ്ക്കറുടെ ഭരണഘടന മാത്രമാണ് നടപ്പിലാവുക. ഒരു ശക്തിക്കും ആര്‍ട്ടിക്കിള്‍ 370നെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ല,’ മോദി പറഞ്ഞു.
കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ അജണ്ട കശ്മീരില്‍ നടപ്പിലാക്കേണ്ടെന്നും വിഘടനവാദികളുടെ ഭാഷയില്‍ സംസാരിക്കേണ്ടതില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്ത ബി.ജെ.പി എം.എല്‍.എമാരെ സഭയില്‍ നിന്ന് പുറത്താക്കിയതായും മോദി അഭിപ്രായപ്പെട്ടു.
‘നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലേര്‍പ്പെട്ട കോണ്‍ഗ്രസ് ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നില്ല, കാരണം അവര്‍ തര്‍ക്ക വിഷയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിനാലാണ് അവര്‍ മന്ത്രിസഭയില്‍ അംഗമാകാതിരുന്നത്,’ മോദി പറഞ്ഞു.
രാജ്യത്ത് ഒ.ബി.സി, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളുടെ ഐക്യം പ്രധാനമാണെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി ഒരു ജാതിയെ മറ്റൊരു ജാതിയുമായി തമ്മില്‍ തല്ലിപ്പിക്കുന്ന കളിയാണ് കളിക്കുന്നതെന്നും മോദി വിമര്‍ശിച്ചു. ഇതുവഴി ജനങ്ങളുടെ ഒത്തൊരുമയെ വിഭജിക്കാനാണ് രാഹുല്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരും സംവരണത്തിനെതിരായിരുന്നെന്നും മോദി അവകാശപ്പെട്ടു.
അതേസമയം തന്റെ പ്രസംഗത്തില്‍ മഹാരാഷ്ട്രയിലെ ഇന്ത്യാ സഖ്യത്തെയും മോദി വിമര്‍ശിക്കുകയുണ്ടായി. മഹാ വികാസ് അഘാഡി എന്നത് ബ്രേക്കും വീലുമില്ലാത്ത കാറാണെന്നും ഡ്രൈവര്‍ സീറ്റില്‍ ആര് ഇരിക്കുമെന്നതിനെ ചൊല്ലി തര്‍ക്കം നടന്നെന്നും മോദി പറഞ്ഞു.
Content Highlight: No power in the world can bring back Article 370 in Jammu and Kashmir says Narendra Modi