ചൈന 'ട്രോജന്‍ ഹോഴ്‌സ്' ആയി ഉപയോഗിച്ചേക്കാം; വൈദ്യുതി വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം
national news
ചൈന 'ട്രോജന്‍ ഹോഴ്‌സ്' ആയി ഉപയോഗിച്ചേക്കാം; വൈദ്യുതി വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd July 2020, 3:12 pm

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ അനുമതിയില്ലാതെ ചൈനയില്‍ നിന്ന് വൈദ്യുതി വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ആര്‍. കെ സിംഗ്. രാജ്യത്ത് ഒരു പവര്‍ ഗ്രിഡ് ഷട്ട്ഡൗണ്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധ്യതയുള്ള ‘ട്രോജന്‍ ഹോഴ്സ്’ ആയി ബീജിംഗ് ഇത് ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ചൈനയില്‍ നിന്ന് വൈദ്യുതി വിതരണ ഉപകരണങ്ങളും ഘടകങ്ങളും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്, സൈബര്‍ ഭീഷണിയും അപകടസാധ്യതകളും വിലയിരുത്താന്‍ സര്‍ക്കാര്‍ ഇത് പരിശോധിക്കും. ഇന്ത്യയില്‍ത്തന്നെ ഇവയെല്ലാം നിര്‍മ്മിക്കുന്നുണ്ടെന്നും ചൈനയില്‍ നിന്ന് 21,000 കോടി രൂപ ഉള്‍പ്പെടെയുള്ള 71,000 കോടി രൂപയുടെ വൈദ്യുതി ഉപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.

” ഇത് (വന്‍തോതില്‍ പവര്‍ ഉപകരണങ്ങളുടെ ഇറക്കുമതി) ഒരു രാജ്യം നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കുന്നത് നമുക്ക് സഹിക്കാന്‍ കഴിയില്ല …. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും നമ്മള്‍ ഒന്നും എടുക്കില്ല,” അദ്ദേഹം പറഞ്ഞു.

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലൂടെ മാല്‍വെയറോ ട്രോജന്‍ ഹോഴ്‌സോ വിദൂരത്തുനിന്ന് പ്രവര്‍ത്തനസജ്ജമാക്കാന്‍ ചൈനയ്ക്ക് സാധിച്ചേക്കാമെന്നും അത് ഇന്ത്യയുടെ പവര്‍ സിസ്റ്റത്തെ തകിടംമറിക്കാമെന്നും സിംഗ് പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന്റെ കീഴില്‍ ഇന്ത്യയില്‍ ലഭ്യമായ ഒരു ഉപകരണവും ചൈനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യില്ലെന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ പരിശോധിക്കുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ