| Saturday, 4th January 2020, 10:34 am

പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; ശ്രീലങ്ക-ഇന്ത്യ ടി-20യ്ക്ക് ഗാലറിയില്‍ പ്ലക്കാര്‍ഡുകള്‍ അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ഗുവാഹത്തിയില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ടി-20യില്‍ ഗാലറിയില്‍ പോസ്റ്റുറുകളും ബാനറുകളും അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍. ബൗണ്ടറികളെ സൂചിപ്പിക്കാനായി ക്രിക്കറ്റ് ഗാലറികളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന 4,6 എന്നിവയെഴുതിയ പ്ലക്കാര്‍ഡുകളും അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.

‘ഗാലറികള്‍ക്കുള്ളില്‍ മാര്‍ക്കര്‍ പേനകള്‍ അനുവദിക്കില്ല. പേഴ്‌സുകള്‍, ഹാന്‍ഡ്ബാഗുകള്‍, മൊബൈല്‍ ഫോണ്‍, വാഹനങ്ങളുടെ താക്കോല്‍ എന്നിവ കൊണ്ടുവരാം.’

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെ മറികടക്കാനല്ല നിയന്ത്രണമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുവാഹത്തി പൊലീസ് കമ്മീഷണര്‍ എം.പി ഗുപ്തയും സൈകിയയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

‘അസമിലെ ജനങ്ങള്‍ മാത്രമല്ല, എല്ലാവരും ആശങ്കാകുലരാണ്. ഇതൊരു അന്താരാഷ്ട്ര മത്സരമാണ്. അതിനാല്‍ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല.’ 2017 ല്‍ അസമില്‍ നടന്ന ടി-20 പരമ്പരയ്ക്കിടെ ഓസീസ് ടീമിന്റെ ബസിന് നേരെ കല്ലേറുണ്ടായതിനേയും സൈകിയ സൂചിപ്പിച്ചു.

അതേസമയം ബൗണ്ടറികളെ സൂചിപ്പിക്കുന്ന 4,6 പ്ലക്കാര്‍ഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി അറിയില്ലെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടി-20 പരമ്പരയുടെ സ്‌പോണ്‍സര്‍മാരാണ് ഈ പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കുന്നത്. എന്നാല്‍ സംസ്ഥാന അസോസിയേഷനുകളുടെ തീരുമാനത്തെ ബി.സി.സി.ഐ തള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more