| Wednesday, 10th May 2023, 4:40 pm

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കില്ല: ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തെരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.എസുമായി സഖ്യമുണ്ടാക്കില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘2018 ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ജെ.ഡി.എസും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയെങ്കിലും വിമത എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ സര്‍ക്കാര്‍ വീണു. അതുകൊണ്ട് ജെ.ഡി.എസുമായി സഖ്യത്തിന് സാധ്യതയില്ല. ഞങ്ങള്‍ സ്വന്തമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും’, ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് 130 മുതല്‍ 150 സീറ്റ് വരെ നേടി അധികാരത്തില്‍ വരുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. പല സര്‍വേകളും കോണ്‍ഗ്രസ് നേരിയ ജയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രസ്താവന. അഴിമതി, സദ്ഭരണം, വികസനം എന്നീ വിഷയങ്ങളെല്ലാം ജനങ്ങള്‍ക്ക് മുന്‍പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2018 ലെ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന് 37 സീറ്റും കോണ്‍ഗ്രസിന് 78 സീറ്റും ബി.ജെ.പിക്ക് 104 സീറ്റുമായിരുന്നു ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് ഈ സഖ്യം തകരുകയും ബി.ജെ.പി അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

അതേസമയം കര്‍ണാടകയിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചവരെ 40 ശതമാനം പോളിംങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 224 മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ അഞ്ചേകാല്‍ കോടി ജനങ്ങളാണ് വിധിയെഴുതുക.

Contenthighlight: No post alliance with jds: DK Shivakumar

We use cookies to give you the best possible experience. Learn more