| Monday, 25th March 2024, 9:31 am

കുട്ടികളെ മദ്രസകളിലേക്ക് പറഞ്ഞയക്കേണ്ട, ഡോക്ടർമാരും എഞ്ചിനീയർമാരുമാക്കാൻ പഠിപ്പിക്കുക; മുസ്‌ലിം കുടിയേറ്റക്കാരോട് നിബന്ധനകളുമായി അസം മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പുർ: ബംഗ്ലാദേശിൽ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാരെ സംസ്ഥാനത്ത് അംഗീകരിക്കണമെങ്കിൽ നിബന്ധനകളുമായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ. ബംഗാളി ഭാഷ സംസാരിക്കുന്ന മിയ സമുദായക്കാരായ മുസ്‌ലിമുകൾക്കിടയിൽ രണ്ടിലേറെ കുട്ടികൾ, ബഹുഭാര്യത്വം, ശൈശവ വിവാഹം തുടങ്ങിയവ അവസാനിപ്പിക്കണമെന്ന നിർദേശമാണ് അസം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.

വിഭജനത്തിനു മുമ്പ് ബംഗാളി സംസാരിക്കുന്ന ധാരാളം മുസ്‌ലീങ്ങൾ അസമിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അവരെ തദ്ദേശീയരായി കണക്കാക്കണമെന്നും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്( എ.ഐ.യു.ഡി.എഫ്) ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മിയാസ് എന്ന് വിളിക്കപ്പെടുന്ന കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾക്ക് പ്രാദേശികമെന്ന് പറയപ്പെടുന്ന തങ്ങളുടെ ആചാരങ്ങൾ ഉപേക്ഷിച്ചതിനു ശേഷം സ്വദേശി പദവിക്കായി അവകാശപ്പെടാമെന്ന് ഹിമന്ത പറഞ്ഞു.

‘മിയകൾ സ്വദേശികളാണോ അല്ലയോ എന്നത് ഒരു വേറിട്ട പ്രശ്നമാണ്. മിയകൾ സ്വദേശികളാകാൻ ശ്രമിക്കുന്നതിൽ ഞങ്ങൾ എതിരല്ല. എന്നാൽ ശൈശവിവാഹം, ബഹുഭാര്യത്വം എന്നിവ നിർത്തേണ്ടിവരും, പെൺകുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടി വരും. കാരണം അസമീസ് ജനതയ്‌ക്ക് ഒരു പാരമ്പര്യമുണ്ട്. പെൺകുട്ടികളെ ശക്തിയായി കാണുന്നവരാണ് അസമീസ്. അവരെ സ്നേഹിക്കുന്നവരാണ്. തദ്ദേശിയരാകുന്നതിൽ വിരോധമില്ലാ, എന്നാൽ സ്വദേശി ആയിരിക്കാൻ രണ്ടോ മൂന്നോ പേരെ നിങ്ങൾക്ക് വിവാഹം കഴിക്കാൻ കഴിയില്ല. അത് ഞങ്ങളുടെ ആചാരമല്ല. സ്വദേശികളാകണമെങ്കിൽ പത്ത് പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാൻ കഴിയില്ല, അതുപോലെ കുട്ടികളെ മദ്രസകളിൽ വിടുന്നതിനുപകരം ഡോക്ടറും എഞ്ചിനീയറുമാരുമാക്കാൻ അവരെ പഠിപ്പിക്കുക,’ അദ്ദേഹം പറഞ്ഞു.

ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലീങ്ങൾ സത്രങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും നവ വൈഷ്ണവ പാരമ്പര്യത്തിന്റെ ഭാഗമായി സന്ന്യാസി പരിഷ്കർത്താവായ ശ്രീമന്തയാരംഭിച്ച ആശ്രമങ്ങളാണ് അവയെന്നും അദ്ദേഹം പറഞ്ഞു.

മിഷൻ ബശുന്ധര 2.0 എന്ന അസം സർക്കാരിന്റെ പദ്ധതിയിൽ നിന്ന് ബംഗാളി സംസാരിക്കുന്ന മുസ്‌ലീങ്ങളെ ഒഴിവാക്കിയതായി എ.ഐ.യു.ഡി.എഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിയുടെ അവകാശമില്ലാതെ കർഷകരുടെയും കൈവശക്കാരുടെയും കൈവശമുള്ള ഭൂമി ക്രമപ്പെടുത്തുന്നതിന് രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് സർക്കാർ ഭൂമി പട്ടയം നൽകുന്നതായിരുന്നു പദ്ധതി.

എന്നാൽ ഈ പദ്ധതി ‘കുടിയേറ്റ മുസ്‌ലിങ്ങൾക്കുള്ളതല്ല അവർ പൗരന്മാരാണ് പക്ഷേ തദ്ദേശീയരല്ല എന്നായിരുന്നു ശർമ്മ പറഞ്ഞത്. സംസ്ഥാനത്തെ മുസ്‌ലിം സമുദായക്കാരിൽ 63 ശതമാനവും കുടിയേറ്റക്കാരായ മിയ സമുദായക്കാരാണ്.

Content Highlight: No polygamy, no child marriage, no more than two children; Assam CM with conditions for Muslim immigrants

We use cookies to give you the best possible experience. Learn more